
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെയുള്ള 90 സീറ്റുകളിൽ 40 മുതൽ 50 വരെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കാൻ ലക്ഷ്യമിടുന്നത്. ഇതിനോടകം 36 സീറ്റുകളിൽ ധാരണയായിട്ടുണ്ട്. അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി നിർണ്ണായക ചർച്ചകൾ നടത്തും. ബുധനാഴ്ചയോടെ മുഴുവൻ സീറ്റുകളിലും പ്രഖ്യാപനം പൂർത്തിയാക്കാനാണ് പാർട്ടി നീക്കം.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വത്തിൽ സജീവമാണ്. ചർച്ചകൾക്കായി അദ്ദേഹം ഡൽഹിയിലേക്ക് പോകുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും ഇതിനോടകം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 16-ന് വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. മാർച്ച് 23 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മാർച്ച് 26 വരെ പത്രിക പിൻവലിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ ഒൻപതിലെ വോട്ടെടുപ്പിന് ശേഷം മെയ് നാലിനായിരിക്കും വോട്ടെണ്ണൽ നടക്കുക. മെയ് ആറിനുള്ളിൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
The post നിയമസഭാ തിരഞ്ഞെടുപ്പ്! കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും appeared first on Express Kerala.




