
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പട്ടിക വൈകുന്നു. പ്രധാനമായും പാലാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച ആശയക്കുഴപ്പവും അധിക സീറ്റ് ആവശ്യവുമാണ് മുന്നണിയിൽ ചർച്ചയാകുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കടുത്തുരുത്തി മണ്ഡലത്തിൽ ഒന്നിലധികം പേരുകൾ പരിഗണനയിൽ വന്നത് പ്രാദേശിക തലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെക്കാൾ അധികമായി 13-ാം സീറ്റ് വേണമെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കുകയാണ്. എന്നാൽ അധിക സീറ്റ് നൽകാനാവില്ലെന്ന കർശന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം. 5 സിറ്റിംഗ് എംഎൽഎമാരോടും വീണ്ടും മത്സരിക്കാൻ പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ പട്ടിക പുറത്തുവിടാനാണ് പാർട്ടിയുടെ ശ്രമം.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്! കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും
ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കും. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണത്തിൽ ഒരുപടി മുന്നിലെത്തിയപ്പോൾ, കോൺഗ്രസും ഘടകകക്ഷികളും പട്ടിക പുറത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ്. സിപിഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ 40-നും 50-നും ഇടയിൽ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. 36 സീറ്റുകളിൽ ഇതിനോടകം ധാരണയായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുള്ള കെ. സുധാകരനുമായി ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് ചർച്ച നടത്തും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് രാവിലെ 11-ന് മലപ്പുറത്ത് ചേരും. സീറ്റ് വെച്ചുമാറുന്നതിലെ തീരുമാനങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിക്കും. സാദിഖ് അലി തങ്ങൾ ചൊവ്വാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന എൽഡിഎഫ് പ്രചാരണം പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങൾ സ്വതന്ത്രർക്കായി നീക്കിവെച്ചിരിക്കുകയാണ്. ‘ചക്ക’ ചിഹ്നവുമായി ട്വന്റി-20 കുന്നത്തുനാട്ടിൽ പ്രചാരണം തുടങ്ങി. കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരനാണ് ഇവിടുത്തെ സർപ്രൈസ് സ്ഥാനാർത്ഥി. 95 ശതമാനം സ്ഥാനാർത്ഥികളെയും എൻഡിഎ തീരുമാനിച്ചു കഴിഞ്ഞു. അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നും, പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും.
The post പാലായിൽ ജോസ് കെ മാണി ഇറങ്ങുമോ? കേരള കോൺഗ്രസ് എമ്മിൽ സ്ഥാനാർത്ഥി പട്ടിക വൈകുന്നു appeared first on Express Kerala.




