വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ വഴി വിജയ്യെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ ബിജെപി ശ്രമം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ടിവികെ നിലപാട് പരസ്യമാക്കിയത്.
വിജയ്യെ സഖ്യത്തിലെത്തിക്കാൻ ബിജെപി ദേശീയ നേതൃത്വം വലിയ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 80 നിയമസഭാ സീറ്റുകളും ഉപമുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തതായാണ് സൂചനകൾ. ഇതിനുപുറമെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണവും വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയുടെ സെൻസർ പ്രശ്നങ്ങളും ഉപയോഗിച്ച് ബിജെപി സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് പാർട്ടി തങ്ങളുടെ സ്വതന്ത്ര നിലപാട് പ്രഖ്യാപിച്ചത്.
Also Read: ടിക്കറ്റ് ബുക്കിംഗിൽ വിപ്ലവകരമായ മാറ്റം! റെയിൽവേയുടെ 40 വർഷം പഴക്കമുള്ള സംവിധാനം മാറുന്നു
അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന ടിവികെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ പാർട്ടിക്കാവുമെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വൻ തുക കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മണ്ഡലത്തിൽ ശരാശരി അഞ്ച് കോടി രൂപയെങ്കിലും ചെലവ് വരുമെന്നും തനിച്ച് ഇത് സമാഹരിക്കുക ബുദ്ധിമുട്ടാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടെങ്കിലും നേതൃത്വം സഖ്യം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ടിവികെയുമായുള്ള സഖ്യത്തെക്കുറിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവർ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുമോ എന്ന നിർമൽ കുമാറിന്റെ ചോദ്യം നേരത്തെ തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
The post സഖ്യത്തിനില്ല! തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും appeared first on Express Kerala.




