മുഖ്യമന്ത്രിയുടെ മകളെ കെട്ടിയില്ലായിരുന്നെങ്കിലും റിയാസ് മന്ത്രിയാകുമായിരുന്നു: ടി.കെ ഹംസ

മുഖ്യമന്ത്രിയുടെ മകളെ കെട്ടിയില്ലായിരുന്നെങ്കിലും റിയാസ് മന്ത്രിയാകുമായിരുന്നു: ടി.കെ ഹംസ

പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുൻ മന്ത്രി ടി.കെ ഹംസ രംഗത്ത്. എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്.

വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ സാധ്യതകൾ എത്രത്തോളമാണ് ?

കേരളത്തിൽ എങ്ങനെയുണ്ട് എന്ന് ചോ​ദിച്ചാൽ മൊത്തത്തിൽ നമ്മളുടെ രാജ്യം വളരുകയാണ് എന്നതിൽ ആർക്കും സംശയമില്ലല്ലോ. കീഴ്പ്പോട്ടല്ല, വി​ദ്യാഭ്യാസപരമായി, ചിന്താപരമായി പലരീതികളിലും ജനങ്ങൾ വളർന്ന് ഉയർന്ന് വരികയാണ്. ഈ ഉയർന്നു വരുന്ന സമൂഹത്തിന് മുന്നിൽ സംതൃപ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് വെക്കാൻ ആരുണ്ട് എന്നതാണ് അവരുടെ പ്രധാന ചോദ്യം. ആ കാഴ്ചപ്പാടിനനുസരിച്ചേ അവർ പോകുകയുള്ളൂ. അങ്ങനെ നോക്കി വോട്ട്ചെയ്യാൻ കഴിവുള്ളവരാണിപ്പോൾ. പഴയതുപോലെ പ്രസം​ഗിച്ചും പ്രചരണം നടത്തിയും ഒരാളെയും കീഴ്പ്പെടുത്താൻ കഴിയില്ല എന്നാണ് എൻ്റെ അനുഭവം. ‍ഞാൻ പ്രസം​ഗവും പ്രവർത്തനവും തുടങ്ങിയിട്ട് 72 കൊല്ലമായി. ആ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ പ്രസം​ഗത്തിനൊന്നും പഴയതുപോലത്തെ സ്വാധീനം ജനങ്ങളിൽ ഇപ്പോളില്ല. ജനങ്ങൾക്ക് വിഷയങ്ങളറിയാം. പണ്ടൊരു നേതാവി​ന്റെ പ്രസംഗം ഉണ്ടെന്നു കേട്ടാൽ ആവേശഭരിതമായി ജനങ്ങൾ തടിച്ചുകൂടി വലിയ സംഭവമാക്കുമായിരുന്നു. അതിൽ നിന്ന് എ​ന്തെങ്കിലും കിട്ടുമെന്നുള്ള ​ധാരണ അന്ന് ഉണ്ടായിരുന്നു. ഇപ്പോൾ അവർക്ക് തന്നെ വിവരമുണ്ട്. അങ്ങനെ പരിശോധിക്കുമ്പോൾ സ്വാതന്ത്യം കിട്ടിയിട്ട് കാലം എത്ര കഴിഞ്ഞു. 75 കൊല്ലത്തോളമായില്ലേ? ഈ കാലത്തി​ന്റെ പുരോ​ഗതി ജനങ്ങളെ വളർത്തിയിട്ടുണ്ട്. അത് വച്ചുകൊണ്ട് കേരളത്തി​ന്റെ കഴി‍ഞ്ഞ കാല ഭരണത്തി‌ലെ അനുഭവങ്ങളും ഈ കഴിഞ്ഞകാല പത്ത് വർഷത്തെ ഇടതുപ​ക്ഷത്തി​ന്റെ മാറ്റങ്ങളും ജനങ്ങൾ വിലയിരുത്തുന്നുണ്ടല്ലോ? അതിനെ വിലയിരുത്തുമ്പോൾ ബുദ്ധിയുള്ള ജനങ്ങൾ തീരുമാനിക്കും. ആ തീരുമാനം ഇടതുപക്ഷത്തിന് അനുകൂലമാകും എന്നാണ് എ​ന്റെ വിലയിരുത്തൽ. ആ തീരുമാനത്തെ മറുപക്ഷക്കാർ മറികടക്കുന്നത് എങ്ങനെയാണ്? അവി​ശുദ്ധമായ മുന്നണികൾ ഉണ്ടാക്കിയും വർ​ഗീയ കക്ഷികളെ കൂട്ടുപിടിച്ചും ‘കോലീബി’ വരെ ഈ കേരളത്തിൽ ആദ്യമായി ഉണ്ടാക്കിയത് കോൺ​ഗ്രസ്സാണ്. അതും എന്നെ തോൽപ്പിക്കാനാണ്. 91ൽ ബേപ്പൂരിൽ ബിജെപിയിലുള്ള ഒരു അഖിലേന്ത്യാ നേതാവിനെ നിർത്തിയത്. അയാൾക്ക് പാർട്ടി സീറ്റാണ് കൊടുത്തത് എന്നിട്ട് കോൺ​ഗ്രസ്സും ലീ​ഗും ഔദ്യോ​​ഗികമായിട്ട് പിന്തുണ കൊടുക്കുകയാണ് ചെയ്തത്, അതിലും വലിയ അക്രമം വേറെയെന്താണ്. ഒരു സ്വതന്ത്രനെ നിർത്തിയിട്ട് പിന്തുണ കൊടുത്താൽ അത് മനസ്സിലാകും. അഖിലേന്ത്യാ നേതാക്കളിൽ ഒരാളായ മാധവൻക്കുട്ടി എന്ന മെഡിക്കൽ കോളേജിലെ പ്രിൻസിപ്പിളായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി. പിന്നീട് കോൺ​ഗ്രസ്സും ലീ​ഗും പിന്തുണക്കുകയാണ് ഉണ്ടായത്, ലീ​ഗ് ബിജെപിയെ പിന്തുണക്കുന്നു. അപ്പോൾ രാഷ്ട്രീയത്തിൽ എന്തും ചെയ്യാമെന്നല്ലേ അതിൻ്റെ അർത്ഥം. അതും 20000 വോട്ടിന് തോൽക്കേണ്ട ഞാൻ 10000ത്തിന് വിജയിച്ചു. ജനങ്ങൾ അതിൽ വീഴുന്നില്ല എന്നല്ലേ അതി​ന്റെ അർത്ഥം. പ​ക്ഷേ അറിയാതെ പലപ്പോഴും പലതും സംഭവിക്കാറുണ്ട്. അങ്ങനെയാണ് ചിലയിടങ്ങളിൽ ചില അഡ്ജ​സ്റ്റ്മെ​​ന്റ് ഉണ്ടാക്കി ഇടതുപക്ഷത്തെ തോൽപ്പിക്കുന്നത്. ഇപ്പോൾ ഈ കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലും അങ്ങനെ തന്നെയാണ്. ചില അവി​ശുദ്ധ ബന്ധത്തിലുണ്ടായ സീറ്റൊക്കെ ബിജെപിക്കാണ് ​ഗുണം ചെയ്തത് അല്ലാതെ കോൺ​ഗ്രസ്സിനല്ല. സത്യത്തിൽ കോൺ​ഗ്രസ്സ് ഇന്ത്യാ മുന്നണി രൂപീകരിച്ച സ്ഥിതിക്ക് അതിന് നേതൃത്വം കൊടുക്കേണ്ടവരല്ലേ? എതിർ കക്ഷികളുമായി അവർ ഒപ്പം നിന്ന് മത്സരിക്കാൻ പാടുണ്ടോ? ബം​ഗാളിലെ തൃണമൂൽ കോൺ​ഗ്രസിനെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയേയും കോൺ​ഗ്രസ്സ് അഖിലേന്ത്യാ തലത്തിൽ കൂട്ടുപിടിച്ച് ഇന്ത്യാ മുന്നണി ശക്തിപ്പെടുത്തേണ്ടേ? അത് ചെയ്യാത്തത് കോൺ​ഗ്രസ്സല്ലേ, അല്ലാതെ കമ്മ്യൂണി​സ്റ്റല്ലല്ലോ?

പഴയൊരു കോൺ​ഗ്രസ്സുകാരൻ എന്ന നിലക്ക് ദേശീയ തലത്തിൽ കോൺ​ഗ്രസ്സി​​ന്റെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?

‍ഞാൻ പഴയ കോൺ​ഗ്രസ്സുകാരൻ അല്ല, കമ്മ്യൂണി​സ്റ്റുകാരനാണ്. 5 വർഷം കഴി‍‍ഞ്ഞ് കമ്മ്യൂണി​സ്റ്റിൽ നിന്ന് കോൺ​ഗ്രസ്സ് ആയതാണ്. കമ്മ്യൂണി​സ്റ്റായ കാലത്ത് കുടുംബപരമായ സമ്മർദ്ദത്തി​ന്റെയും സാമുദായികമായ എതിർപ്പി​ന്റെയും കുടിക്കിൽപ്പട്ട് കുടുങ്ങിയ ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നു. 52 മുതൽ 57 വരെ ഞാൻ കമ്മ്യൂണി​സ്റ്റാണ്. ഈ എതിർപ്പുകൊണ്ട് അവസാനം പാർട്ടിയുടെ അനുവാ​ദത്തോടെ രാഷ്ട്രീയ പ്രവർത്തനം നിർത്തി. അന്ന് ജന്മി-മുതലാളിത്ത രാജ വാഴ്ചയാണ്. അതിൽ ഒരു പ്രധാന കക്ഷിയാണ് എ​ന്റെ കുടുംബം.

അന്ന് ഈ മുസ്ലീം ന്യൂനപ​ക്ഷ കുടുംബത്തിൽ നിന്നൊരു കമ്മ്യൂണി​സ്റ്റുണ്ടാകുക എന്ന് പറഞ്ഞാൽ എങ്ങനെയായിരുന്നു?

കമ്മ്യൂണി​സ്റ്റാകുക എന്ന് പറഞ്ഞാൽ വലിയ കാഫിറാണ്. പിന്നെ തീർന്നു. കമ്മ്യൂണി​സ്റ്റുകാരൻ പറയുക ജന്മി മുതലാളിത്തം തീർക്കാനാണ്. അപ്പോൾ ശക്തമായ ആക്രമണം വന്നപ്പോൾ പാർട്ടി എന്നോട് വിട്ടുനിൽക്കാൻ പറഞ്ഞു. അങ്ങനെ വിട്ടുനിന്നതാണ് ഞാൻ. അന്നേ എനിക്കൊരു പ്രസം​ഗ ചാതുരിയുണ്ട്. ഇഷ്ടമുള്ള പ്രാസം​ഗികർ എല്ലാ പാർട്ടിയിലുമുണ്ട്. അവർ എവിടെ വന്നാലും ഞാൻ പോകും. പ്രസം​ഗം, പാട്ട്, അഭിനയം എന്നിവയെല്ലാം കലാപരമായ പ്രദർശനത്തി​ന്റെ വിവിധ ഭാ​ഗങ്ങളാണ്. കലാബോധമില്ലാത്ത ഒരാൾ പ്രസം​ഗിച്ചാൽ സുന്ദരമാക്കി എടുക്കാൻ കഴിയില്ല. കുറേ കാര്യങ്ങൾ ഇങ്ങനെ പറയാം എന്ന് മാത്രം. അങ്ങനെ കുട്ടിക്കാലം മുതൽ പ്രസം​ഗിക്കുന്ന ഒരാളാണ് ‍‍ഞാൻ.

താങ്കളുടെ ശൈലി ഒരു വ്യത്യസ്തമായ ശൈലി ആണല്ലോ?

ഓരോ സ്വതന്ത്ര ശൈലിയുള്ള നേതാക്കളെയും നമ്മൾ ഇഷ്ടപ്പെടും. പി പി ഉമ്മർ കോയ, സി എച്ച് മുഹമ്മദ് കോയ, മൂന്നാമത്തെയാൾ സി എം ​സ്റ്റീഫൻ. കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസം​ഗം ഇവരുടെതാണ്. പിന്നെ എനിക്കിഷ്ടപ്പെട്ട പ്രസം​ഗം പനമ്പള്ളി ​ഗോവിന്ദ മേനോൻ്റെയാണ് അതിസുന്ദരമായ ആക്രമണം എന്നൊക്കെ പറഞ്ഞാൽ ഭയങ്കരമാണ്. വല്ലാതെ സ്നേഹിച്ച് ബ​ഹുമാനിച്ചു പോകുന്ന ഒരാളാണ് അദ്ദേഹം. അങ്ങനെ ഇരിക്കുമ്പോഴാണ് 57 ൽ പി പി ഉമ്മർ കോയ മഞ്ചേരിയിൽ സ്ഥാനാർത്ഥിയാകുന്നത്. എൻ്റെ കുടുംബക്കാർ അദ്ദേഹത്തെ വീട്ടിൽ കൊണ്ടുവന്നു, എന്നെ കെട്ടിപിടിച്ചു എന്നെ കാറിൽ കയറ്റികൊണ്ടുപോയി.

അന്ന് എത്ര വയസ്സുണ്ട്?

57 ൽ എനിക്ക് 20 വയസ്സ്.

ആ വണ്ടിയിൽ കയറി ഡിസിസി വരെ എത്തിയല്ലേ?

അതെ പ്രസം​ഗം ഒക്കെ പിന്നെ അവിടെയായിരുന്നു. കമ്മ്യൂണി​സ്റ്റ് മനസ്ഥിതിയോടെ 25 കൊല്ലം കോൺ​ഗ്രസ്സിൽ നിന്നു. കോൺ​ഗ്രസ്സ് എന്നെ പരമാവധി ഉപയോ​ഗിച്ചു, പക്ഷേ ആനുകൂല്യം തന്നില്ല. പഞ്ചായത്ത് മെമ്പർ പോലും ആക്കില്ല. ഇവൻ വളർന്നാൽ വലുതാകും എന്ന് പേടിച്ചിട്ടായിരിക്കും. അത് പണ്ടു മുതലേ കോൺ​ഗ്രസ്സിനകത്ത് കാലുവാരലും നേത‍ൃത്വത്തിനുള്ള കടിപിടിയും പിന്നിൽ നിന്നുള്ള കുത്തലും ഉണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ആരായിരുന്നു ഏറ്റവും കൂടുതൽ ഉപ​ദ്രവിച്ചിട്ടുള്ള നേതാവ്?

പലരുമുണ്ടായിരുന്നു. അതിൽ കുത്തലേറ്റ ഒരാളായിരുന്നു ആര്യാടൻ മുഹമ്മദ്, എം പി ​​ഗം​ഗാധരൻ. ഇവർക്ക് സപ്പോർട്ട് കരുണാകരൻ. ആര്യാടൻ കോൺ​ഗ്രസ്സും കരുണാകരൻ കോൺ​ഗ്രസ്സും അവസാനം ഒന്നായി. ഞാൻ ഇന്ദിരാ കോൺ​ഗ്രസി​ന്റെ ജില്ലാ പ്രസിഡ​ന്റായിരുന്നു. അവസാനം അവരൊന്നായി, ഞാൻ പുറത്തായി. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലല്ലോ? ‍ഞാൻ ഇറങ്ങി. ഇറങ്ങുമെന്ന് മനസ്സിലായപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞു ഇങ്ങോട്ട് പോരെ ഞങ്ങൾ പിന്തുണക്കാം എന്ന്.

പാലോളി സഖാവായിരുന്നോ അത്?

അല്ല, അത് പിന്നീടാണ്. ശ്രീധരൻ വക്കീലും ഞാനും ആലോചിച്ചാണ് ആ വിവരം ഡി സി സി സെക്രട്ടറിക്ക് കൊടുത്തത്. അന്ന് സെയ്താലിക്കുട്ടിയാണ് സെക്രട്ടറി. അദ്ദേ​ഹം പാലോളിയോട് പറഞ്ഞു. അങ്ങനെ അവരെല്ലാം കൂടെ അര മണിക്കൂറുകൊണ്ട് തീരുമാനം ആക്കി.

ആദ്യകാലത്ത് വീട്ടുകാർക്ക് ഉണ്ടായിരുന്ന പ്രതിഷേധം പിന്നീട് മാറിയോ?

ഞാൻ ഏത് പാർട്ടിയിൽ നിന്ന് പോന്നാലും ആ പാർട്ടിയെ കുറിച്ച് കുറ്റം പറയാറില്ല. ഞാൻ പാർട്ടിവിരുദ്ധനല്ല . ഇപ്പോഴും കോൺഗ്രസിനെ വിമർശിക്കാത്ത ഒരാളാണ്. അസംബ്ലിയിൽ 20 കൊല്ലം സിപിഎം ആയി ഇരുന്നില്ലേ. എന്നിട്ടും കോൺഗ്രസ് നേതാക്കളോട് എനിക്ക് വിമർശനം ഇല്ലല്ലോ? ഹാസ്യപരമായി സംസാരിക്കുന്നത് ശരിയല്ല എന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ. എനിക്ക് ആരോടും വ്യക്തിവിരോധവും ഇല്ല ആക്രമണവുമില്ല.

തിരിച്ച് വീണ്ടും കമ്മ്യൂണിസ്റ്റായി വന്നപ്പോൾ കുടുംബത്തിലും മുസ്ലിം സമുദായത്തിലും ഉണ്ടായ പ്രതികരണം എന്തായിരുന്നു?

ആ കാലം മാറിയല്ലോ. പഴയ സമുദായ വിരോധമോ മത അടിസ്ഥാനമായിട്ടുള്ള രാഷ്ട്രീയത്തിന്റെ വേലിയേറ്റം എല്ലാം ഇപ്പോൾ തീരെ ഇല്ലല്ലോ, അന്നുണ്ടായിരുന്ന സമുദായ വിരോധം കുടുംബ വിരോധം പാർട്ടിയോട് പിന്നെയില്ല. ഞാൻ പാർട്ടിയിൽ ആയപ്പോൾ കുടുംബത്തിന്റെ ശക്തി കൊണ്ടല്ലേ ഞാൻ ജയിച്ചത്.

മുസ്ലിം സമുദായത്തിൽ പതിറ്റാണ്ടുകളായി രാഷ്ട്രീയ പാരമ്പര്യം താങ്കൾക്കുണ്ട്. പ്രത്യേകിച്ച് മലപ്പുറത്തും മുസ്ലിം ന്യൂനപക്ഷത്തിനിടയിലും ഒരു പൊതുപ്രവർത്തകനായും പ്രവർത്തിച്ചു എന്ന നിലയിൽ ന്യൂനപക്ഷത്തിന്റെ ഇപ്പോഴത്തെ ഒരു പൊതു വികാരം ഇടതുപക്ഷത്തിന് എത്രത്തോളം അനുകൂലമാണ്?

മുസ്ലിം ഭൂരിപക്ഷം പ്രായോഗിക രാഷ്ട്രീയത്തിന്റെ ചലനങ്ങൾ നടക്കുന്ന ഒരു കാലമാണിത്. അവസരങ്ങൾക്കൊത്ത് അഭിപ്രായങ്ങൾ പറയാവൂ എന്ന നിഷ്കൃഷ്ടമായ ഒറ്റ അഭിപ്രായം ഇപ്പോൾ ആർക്കുമില്ല. ആരെവിടെ നിൽക്കുമെന്നും എന്ത് ചെയ്യും എന്നും പറയാൻ സാധിക്കില്ല. ഇപ്പോൾ സമസ്ത കേരള ജിഫ്രി തങ്ങളുടെ വിഭാഗത്തിന് ലീഗ് ആയിട്ടായിരുന്നാലോ പണ്ട് ബന്ധം, മുഴുവൻ വോട്ടും ഒഴുക്കി വിട്ടിരിക്കുകയാണ് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? പക്ഷെ കിട്ടില്ല. അവർ പ്രായോഗികമായി ഓരോ കാലഘട്ടത്തിലും സ്വതന്ത്രമായി തീരുമാനം എടുക്കുന്നവരാണ്. നേതാവ് പറഞ്ഞു എന്ന് വെച്ച് എല്ലാവരും അതുപോലെ തന്നെ ചെയ്യണമെന്നില്ല.

സമുദായ സംഘടനകളുടെ സ്വാധീനം ഇപ്പോഴും രാഷ്ട്രീയത്തിൽ ഉണ്ടോ?

സ്വാധീനം ഒരു പരിധി വരെയുണ്ട്. പഴയത് പോലെ ഇപ്പോൾ പ്രഖ്യാപിച്ചാൽ, അതായത് പാണക്കാട് നിന്ന് ലീഗ് പ്രഖ്യാപിച്ചാൽ മുസ്ലിമുകൾ എതിർക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയാണോ…? കാലം മാറുകയാണ്… അത് ലീഗിനും ബിജെപിക്കും സമസ്തക്കും ഒരുപോലെ ബാധകമാണ്.

ഇത് എത്രത്തോളം എൽഡിഎഫിന് അനുകൂലമാക്കി എടുക്കാൻ സാധിച്ചിട്ടുണ്ട്?

എൽഡിഎഫ് വികസനം കൊണ്ടും പ്രവർത്തനം കൊണ്ടും സത്യസന്ധത കൊണ്ട് അനുകൂല പിന്തുണ നേടിയെടുക്കാൻ ആണ് ശ്രമിക്കുന്നത്. അതിൽ ഒരു പരിധിവരെ വിജയിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഞങ്ങളുടെ അഭിപ്രായം. സമുദായത്തെ മാത്രം സ്നേഹിച്ച് ഞങ്ങൾ വോട്ടും പിന്തുണയും വാങ്ങിയിട്ടില്ല, പ്രശ്നങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞാൽ ശരിയാണെന്ന് തോന്നി കഴിഞ്ഞാൽ അതിനനുസരിച്ചു പ്രവർത്തിക്കും.

രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ ആദ്യഘട്ടത്തിൽ തന്നെ ഒരു പൊതുവായ നരേറ്റീവ് ഉണ്ടായിരുന്നു. ഇതൊരു മുസ്ലിം പ്രീണതയുള്ള സർക്കാർ ആണ് എന്നുള്ളത്. അതെന്തുകൊണ്ടാണ് ഉണ്ടായത്?

അത് എതിരാളികൾ നടത്തിയ ഒരു പ്രചരണം എന്നല്ലാതെ ഇതിൽ ഒരു കഴമ്പുമില്ല. സർക്കാരിനെപ്പറ്റി അഴിമതി നടത്തി എന്ന് പറയാൻ സാധിക്കുമോ? വർഗീയ കലാപമുണ്ടെന്ന് പറയാൻ സാധിക്കുമോ? റേഷൻ കിട്ടുന്നില്ല എന്ന ആക്ഷേപം ഉണ്ടോ ഒന്നും പറയാനില്ലല്ലോ. പെൻഷൻ ആണെങ്കിൽ പഴയതിനേക്കാൾ പത്തിരട്ടിയാണ് സർക്കാർ നൽകുന്നത്.

രണ്ടാം പിണറായി സർക്കാരിലെ ഏറ്റവും കൂടുതൽ മന്ത്രിമാരും ഹൈന്ദവരാണെങ്കിൽ പോലും മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ എടുത്തതാണോ ഒരുപക്ഷേ അങ്ങനെ ഒരു തോന്നൽ സൃഷ്ടിക്കപ്പെടാൻ കാരണം?

അങ്ങനെ ഒരു ബോധം ഉണ്ടെങ്കിൽ മാത്രമല്ലേ എനിക്ക് ഇതിനു മറുപടി പറയേണ്ടതുള്ളൂ. എന്നാൽ എനിക്ക് അങ്ങനെ ഒരു ബോധമില്ല. മുഹമ്മദ് റിയാസ് മന്ത്രി ആയത് എങ്ങനെയെന്ന് എതിരെ നിൽക്കുന്നവർക്ക് വരെ അറിയാം. മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയുമ്പോൾ തന്നെ അയാൾ നേതാവാണ്. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാണ്. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡൻ്റിന് മന്ത്രിസ്ഥാനം കൊടുക്കണം എന്ന് പറയാൻ മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിക്കണമെന്നില്ല. നാലാളുകൾ കൂടുമ്പോൾ പറയുക എന്നല്ലാതെ ഇതൊന്നും എഫക്ട് ചെയ്യുന്ന കാര്യമല്ല. ഇതിനെ മറികടക്കാൻ വർഗീയ കൂട്ടുകെട്ട് പിടിച്ചു. ഐക്യജനാധിപത്യ മുന്നണിക്കായി എസ്ഡിപിഐയെ കൂട്ടുപിടിച്ചത് വർഗീയ കൂട്ടുകെട്ടാണ്. ജമാഅത്ത് ഇസ്ലാമിയെയും കിട്ടുന്നിടത്തോളം കമ്മ്യൂണിസ്റ്റ് പാർട്ടിയെ എതിർക്കുന്നവരെ കൂട്ടുപിടിച്ചു. ഇത് മറികടക്കാൻ ഞങ്ങൾ ശ്രമിക്കും.

മുസ്ലിം സമുദായത്തിൽ യാഥാസ്ഥിതിക മുസ്ലിമുകൾ ഉണ്ടല്ലോ, അവർക്ക് ഇപ്പോഴും എത്രത്തോളം വിരോധം ഉണ്ട്?

യാഥാസ്ഥിതിക മുസ്ലീമുകൾ ഒന്നും ഇപ്പോൾ ഇല്ല. എല്ലാവരും വളരെയധികം മുന്നോട്ടുപോയി, പഠിച്ചു മനസ്സിലാക്കി. പണ്ട് മതം പഠിച്ചവർക്കും മതനേതാക്കളുടെ ആജ്ഞ അനുസരിച്ച് അനുവർത്തിച്ചു പോരുന്ന ആചാരപ്രിയന്മാർക്കും അല്ലാതെ മതം ആർക്കും അറിയില്ല. ഇപ്പോൾ ഭൂരിപക്ഷം ആളുകൾക്കൊക്കെ അറിയാം. പൂർണ്ണമാണോ എന്ന് ചോദിച്ചാൽ അല്ല. ഇത് പൂർണ്ണമാകുന്ന ഒരുകാലത്ത് ഈ പ്രശ്നം ഒന്നും ഉണ്ടാവുകയില്ല.

ഈ പൊതു ബോധം സമുദായത്തിന് ഉണ്ടായിക്കഴിഞ്ഞാൽ ലീഗിന് പോലും പ്രസക്തി ഉണ്ടാവില്ല അല്ലെ?

തീരെ ഉണ്ടാവുകയില്ല. കോൺഗ്രസിന് അധികാരത്തിൽ വരാൻ ലീഗിന് മന്ത്രിസ്ഥാനം ഉണ്ടാകും. ആവശ്യത്തിനനുസരിച്ചുള്ള ബന്ധമല്ലാതെ മതത്തിന്റെ പേരിലുള്ള ഒരു ബന്ധം ലീഗിനിന്നില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ലീഗിന് പണ്ട് രണ്ട് മന്ത്രി ഉള്ളത് മൂന്നാക്കി പിന്നീട് നാലാക്കി അഞ്ചാക്കി, അഞ്ചാമത്തെയാണ് മഞ്ഞളാംകുഴി അലി. കോൺഗ്രസ് കീഴ്പ്പോട്ട് പോകുമ്പോൾ ലീഗ് മുകളിലോട്ടു പോവുകയാണ്. ഇനി ആറാം മന്ത്രിയാകും ഉടൻ. കോൺഗ്രസ് ഇപ്പോൾ കുറഞ്ഞു കുറഞ്ഞു വരുകയാണല്ലോ. കോൺഗ്രസ് അടിച്ചും മാന്തിയും കീറിയും നശിക്കുകയാണല്ലോ. കോൺ​ഗ്രസ് നശിക്കണം എന്നുള്ള അഭിപ്രായക്കാരനല്ല ഞങ്ങൾ, പ്രത്യേകിച്ചും ഞാൻ. കോൺഗ്രസ് ഇവിടെ നിലനിൽക്കണം കമ്മ്യൂണിസ്റ്റ് പാർട്ടി വരുന്നത് വരെ.

കോൺഗ്രസ് നശിച്ചാൽ എന്ത് സംഭവിക്കും?

ഒന്നും ഉണ്ടാവാൻ പോകുന്നില്ല. ബിജെപി വരും എന്നല്ലാതെ ഒരു ഗുണവുമില്ല. ഞങ്ങളെക്കൊണ്ട് ഇപ്പോൾ ഒറ്റക്ക് ഇന്ത്യ ഭരിക്കാനുള്ള കഴിവില്ല.

മൂന്നാം ഇടതുപക്ഷ സർക്കാർ സാധ്യതകൾ പ്രധാനമായി വികസന പ്രവർത്തനങ്ങൾ ആണ്. ഇതിനപ്പുറത്ത് വേറെ എന്താണ് ഉള്ളത്?

മൂന്നാം പിണറായി സർക്കാർ വരാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഓരോ സമുദായത്തിന്റെയും പ്രശ്നങ്ങളിൽ പരിശോധിച്ചാൽ അവരെ എതിർക്കാനുള്ള ഒരു കാരണവുമില്ല. ഏത് വിഭാഗം നോക്കിയാലും അവർക്ക് ഗുണം കിട്ടിയിട്ടുണ്ട്. വോട്ട് ചെയ്യാൻ വരുന്ന മനസാക്ഷിയുള്ളവർ ആരായാലും വോട്ട് ചെയ്യും.

ഏഴു പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുണ്ട് താങ്കൾക്ക്, പിണറായി വിജയൻ എന്ന നേതാവിനെ വ്യക്തിപരമായിട്ട് എങ്ങനെ വിലയിരുത്തുന്നു?

വളരെ സത്യസന്ധനും നേരായ മാർഗത്തിൽ പോകുന്ന ആളാണ് പിണറായി വിജയൻ. ഇന്ന് വരെയും അദ്ദേഹത്തെ ഒരാക്ഷേപത്തിലും കുടുക്കാൻ ആർക്കും സാധിച്ചിട്ടില്ല. പിണറായി സത്യസന്ധമായെ പ്രവർത്തിക്കുകയുള്ളൂ അതിനനുസരിച്ചെ പെരുമാറുകയുള്ളൂ. അദ്ദേഹം പറയാനുള്ളത് പറയുകയും കണിശമായി പ്രതികരിക്കുകയും ചെയ്യും. ആളുകളെ തൃപ്തിപ്പെടുത്താനായിട്ടു വളഞ്ഞു പറയുന്ന മാർഗം പിണറായിക്ക് ഇല്ല.

പിണറായി വിജയന്റെ പോസിറ്റീവ് എന്താണ്?

പോസിറ്റീവ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്. പിണറായി ഒരു കാര്യം പറഞ്ഞാൽ അത് നടക്കും എന്നുള്ള ഒരു ധാരണ ഞങ്ങൾ പ്രവർത്തകരുടെ ഉള്ളിലുണ്ട്. കരുണാകരൻ എന്റെ നേതാവായിരുന്നു പണ്ട്. അദ്ദേഹം പറയുന്നത് കള്ളത്തരമാണോ എന്ന് കേൾക്കുന്നവർക്ക് തോന്നും, എന്നാൽ പിണറായിയുടെ കാര്യത്തിൽ ഇതില്ല. അദ്ദേഹം പറഞ്ഞാൽ പറഞ്ഞതുപോലെ തന്നെയാണ്, ഒരു വിട്ടുവീഴ്ചയുമില്ല. ഇത് കണിശമായുള്ള ഒരു വാശിയാണ് എന്ന് ചിത്രീകരിക്കരുത്. അങ്ങനെ അദ്ദേഹത്തെക്കുറിച്ച് പറയുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല.

പിണറായി വിജയനിൽ എന്തെങ്കിലും നെഗറ്റീവ് തോന്നിയിട്ടുണ്ടോ?

നെഗറ്റീവ് ഇന്നുവരെ പാർട്ടിയിൽ ഉണ്ടായിട്ടില്ല. പിണറായി പറയുന്നത് ആളുകളെ പറ്റിക്കാനാണ് എന്നുള്ള ഒരു തോന്നൽ വരണ്ടേ ആളുകൾക്ക്. അങ്ങനെ തോന്നുന്നില്ല.

അഭിമുഖം തയ്യാറാക്കിയത് സി കെ പ്രകാശ്

Express View

വീഡിയോ കാണാം….

The post മുഖ്യമന്ത്രിയുടെ മകളെ കെട്ടിയില്ലായിരുന്നെങ്കിലും റിയാസ് മന്ത്രിയാകുമായിരുന്നു: ടി.കെ ഹംസ appeared first on Express Kerala.

Spread the love
Scroll to Top