
കൊച്ചി: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കുറ്റക്കാരനാണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. ജസ്റ്റിസ് സി. ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുന്നത്.
ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്. നിലവിൽ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ശിക്ഷ മരവിപ്പിക്കേണ്ടത് അനിവാര്യമാണ്.
Also Read: മട്ടന്നൂരിൽ ദാരുണ അപകടം; ബൈക്കിൽ ബസിടിച്ച് അധ്യാപിക മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്
ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്ന് സർക്കാർ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് വ്യക്തിപരമായ രാഷ്ട്രീയ ആവശ്യം മാത്രമാണെന്നും അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ശിക്ഷ മരവിപ്പിക്കാവൂ എന്നും സർക്കാർ വാദിച്ചു. നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആന്റണി രാജുവാണെന്ന കണ്ടെത്തലിൽ ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.
The post തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും appeared first on Express Kerala.




