
ബെംഗളൂരു: ഐപിഎൽ കിരീടം നിലനിർത്താൻ തയ്യാറെടുക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സീസൺ തുടങ്ങുന്നതിന് മുൻപേ തിരിച്ചടിയായി ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡിന്റെ പരിക്ക്. മാസങ്ങളായി കളിക്കളത്തിന് പുറത്തുള്ള ഹെയ്സൽവുഡ് ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ഏപ്രിൽ പകുതിയോടെ മാത്രമേ ടീമിനൊപ്പം ചേരാൻ സാധ്യതയുള്ളൂ. അതേസമയം, നായകൻ പാറ്റ് കമ്മിൻസിന്റെ പരിക്ക് ഭേദമായത് സൺറൈസേഴ്സ് ഹൈദരാബാദിന് വലിയ ആശ്വാസമാണ് നൽകുന്നത്. മാർച്ച് 28-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുന്നത്.
ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ ആകർഷണം സഞ്ജു സാംസണിന്റെ ടീം മാറ്റമാണ്. രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിംഗിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ സഞ്ജു, മാർച്ച് 30-ന് തന്റെ പഴയ ടീമിനെതിരെ തന്നെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ നിരയിലേക്ക് ചേക്കേറി. സഞ്ജുവിനെ ഇന്നത്തെ നിലയിലെത്തിച്ച രാജസ്ഥാനെതിരെ ഗുവാഹത്തിയിലാണ് ചെന്നൈയുടെ ആദ്യ പോരാട്ടം. ചെന്നൈയിലെ ഹോം ഗ്രൗണ്ടിൽ ഏപ്രിൽ 3-ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ടൂർണമെന്റിന്റെ ആദ്യ ഘട്ട ഷെഡ്യൂൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് സുരക്ഷയും യാത്രാ സൗകര്യങ്ങളും മുൻനിർത്തിയാണ് ബിസിസിഐ ഈ ക്രമീകരണം നടത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ വീതം നടക്കും.
The post കിരീടം നിലനിർത്താൻ ആർസിബി; തടസ്സമായി ഹെയ്സൽവുഡിന്റെ പരിക്ക് appeared first on Express Kerala.




