തമിഴക വെട്രി കഴകം പോർക്കളത്തിലേക്ക്! വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടും?

തമിഴക വെട്രി കഴകം പോർക്കളത്തിലേക്ക്! വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടും?

രാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം സജീവമാകുന്നു. പാർട്ടി അധ്യക്ഷൻ വിജയ് ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെ തിരുച്ചി ഈസ്റ്റിൽ വിജയ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ചെന്നൈയിലെ നിർണ്ണായക മണ്ഡലമായ പെരമ്പൂരിനാണ് നിലവിൽ മുൻഗണന നൽകുന്നത്. ചെന്നൈ ജില്ലയിലെ 16 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ഡിഎംകെ സഖ്യം നേടിയ ആധിപത്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവികെ നീക്കങ്ങൾ.

പാർട്ടിയുടെ മുൻനിര നേതാക്കളും ചെന്നൈ കേന്ദ്രീകരിച്ചുള്ള മണ്ഡലങ്ങളിലാവും മത്സരിക്കുക. ജനറൽ സെക്രട്ടറി ബുസി ആനന്ദ് ടി നഗറിൽ നിന്നും, തെരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുന വില്ലിവാക്കത്ത് നിന്നും മത്സരിക്കും. ടിവികെ ട്രഷറർ പി. വെങ്കട്ടരാമൻ മൈലാപ്പൂരിലും, എഐഎഡിഎംകെയിൽ നിന്ന് എത്തിയ മുതിർന്ന നേതാവ് ജെ.സി.ഡി പ്രഭാകർ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലും ജനവിധി തേടും. കൊളത്തൂർ, സൈദാപ്പേട്ട്, എഗ്മൂർ, ആർ.കെ നഗർ തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലും പാർട്ടിയുടെ പ്രമുഖ നേതാക്കളെ തന്നെ അണിനിരത്താനാണ് ഹൈ ലെവൽ കമ്മിറ്റിയുടെ തീരുമാനം.

Also Read: വാഹനാപകടം! ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചു എന്നതുകൊണ്ട് നഷ്ടപരിഹാര തുക കുറയ്ക്കാനാവില്ല; സുപ്രീംകോടതി

ചെന്നൈക്ക് പുറത്തുള്ള മണ്ഡലങ്ങളിലും കരുത്തരായ നേതാക്കളെയാണ് ടിവികെ രംഗത്തിറക്കുന്നത്. ഒൻപത് തവണ എംഎൽഎയായ കെ.എ സെങ്കോട്ടയ്യൻ തന്റെ തട്ടകമായ ഗോപിചെട്ടിപാളയത്തിൽ നിന്ന് തന്നെ മത്സരിക്കും. മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ആർ. അരുൺരാജ് തിരുച്ചെങ്കോട് നിന്നും, സി.ടി.ആർ നിർമ്മൽ കുമാർ തിരുപ്പരൻകുണ്ട്രത്ത് നിന്നും ജനവിധി തേടും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈ ഉൾപ്പെടെയുള്ള നഗര മേഖലകളിൽ സ്വാധീനം ഉറപ്പിക്കാനുള്ള കൃത്യമായ പദ്ധതികളുമായാണ് വിജയ് മുന്നോട്ട് പോകുന്നത്.

The post തമിഴക വെട്രി കഴകം പോർക്കളത്തിലേക്ക്! വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടും? appeared first on Express Kerala.

Spread the love
Scroll to Top