
സുരക്ഷയുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് വീണ്ടും കരുത്തറിയിക്കുന്നു. ടാറ്റയുടെ ജനപ്രിയ മോഡലായ സിയറ എസ്യുവി ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കി. മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വാഹനത്തിന് അഭിമാനകരമായ 5-സ്റ്റാർ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. സിയറയുടെ അക്കംപ്ലിഷ്ഡ്+, അഡ്വഞ്ചർ+ എന്നീ ഡീസൽ വകഭേദങ്ങളാണ് പരീക്ഷണത്തിന് വിധേയമാക്കിയതെങ്കിലും ഈ സുരക്ഷാ റേറ്റിംഗ് സിയറയുടെ എല്ലാ മോഡലുകൾക്കും ബാധകമാണ്.
മുതിർന്നവരുടെ സംരക്ഷണത്തിൽ 32-ൽ 31.14 പോയിന്റുകൾ നേടിയാണ് സിയറ കരുത്തുറ്റ പ്രകടനം നടത്തിയത്. ഫ്രണ്ടൽ ഓഫ്സെറ്റ് ടെസ്റ്റിൽ ഡ്രൈവറുടെ തലയ്ക്കും കാലുകൾക്കും മികച്ച സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിന് കഴിഞ്ഞു. നെഞ്ച്, ടിബിയ ഭാഗങ്ങളിൽ സംരക്ഷണം ‘പര്യാപ്തം’ എന്ന് രേഖപ്പെടുത്തിയപ്പോൾ, സൈഡ് പോൾ ഇംപാക്ട് ടെസ്റ്റുകളിൽ ഡ്രൈവറുടെയും സഹ-ഡ്രൈവറുടെയും എല്ലാ ശരീരഭാഗങ്ങൾക്കും മികച്ച സംരക്ഷണം നൽകാൻ സിയറയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും സിയറ വിട്ടുവീഴ്ചയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. 49-ൽ 44.73 പോയിന്റുകളാണ് ഈ വിഭാഗത്തിൽ വാഹനം സ്വന്തമാക്കിയത്. മൂന്ന് വയസ്സുള്ള കുട്ടികൾക്കായുള്ള സീറ്റുകൾ നെഞ്ചിന് മികച്ച സംരക്ഷണം നൽകുകയും അപകടസമയത്ത് അമിതമായ മുന്നോട്ടുള്ള ചലനം തടയുകയും ചെയ്തു. 1.5 വയസ്സുള്ള കുട്ടികളുടെ സംരക്ഷണത്തിൽ എട്ടിൽ എട്ട് പോയിന്റും നേടി സിയറ കരുത്ത് തെളിയിച്ചു. സൈഡ് ക്രാഷ് ടെസ്റ്റ് ഫലങ്ങളിലും ഇൻസ്റ്റാളേഷൻ സ്കോറിലും മികച്ച നേട്ടമാണ് ഈ എസ്യുവി സ്വന്തമാക്കിയത്. കുടുംബയാത്രകൾക്ക് ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായി ഇതോടെ ടാറ്റ സിയറ മാറിയിരിക്കുകയാണ്.
The post സുരക്ഷയിൽ ‘ടാറ്റ’ തന്നെ രാജാവ്! ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തിളക്കവുമായി ടാറ്റ സിയറ appeared first on Express Kerala.




