രക്ഷപ്പെടാൻ സന്ദീപ് പയറ്റിയത് മനോരോഗ തന്ത്രം; ഡോ. വന്ദനാദാസ് വധക്കേസിൽ ശിക്ഷാവിധി നാളെ

രക്ഷപ്പെടാൻ സന്ദീപ് പയറ്റിയത് മനോരോഗ തന്ത്രം; ഡോ. വന്ദനാദാസ് വധക്കേസിൽ ശിക്ഷാവിധി നാളെ

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മനോരോഗിയാണെന്ന് അഭിനയിച്ച് നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ പ്രതി നടത്തിയ തന്ത്രപരമായ നീക്കങ്ങളെല്ലാം പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളിൽ തകരുകയായിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച വിധിച്ചത്. കേസിൽ ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം മാർച്ച് 19-ന് നടക്കും.

കൊലപാതകം, വധശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾക്കൊപ്പം ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതി ചെയ്തതായി കോടതി സ്ഥിരീകരിച്ചു. അധ്യാപകനായിരുന്ന സന്ദീപിന് മാനസികവിഭ്രാന്തിയുണ്ടെന്നും അതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ഇത് തെളിയിക്കാൻ ജയിലിൽ തടവുകാരനായിരിക്കെ ലൈബ്രറിയിലെ മനോരോഗ ഗ്രന്ഥങ്ങൾ സന്ദീപ് നിരന്തരം വായിക്കുകയും തന്നെ പരിശോധിച്ച ഡോക്ടർമാരെ കബളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തനിക്ക് ‘സ്കീസോഫ്രീനിയ’ എന്ന രോഗമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിന്റെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി. എം.എം. ജോസിന്റെയും നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ നീക്കങ്ങൾ പ്രതിയുടെ കള്ളിവെളിച്ചത്താക്കി.

Also Read:കാസർകോട് പരീക്ഷ എഴുതാൻ 20-കാരൻ; പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം

വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും വസന്തകുമാരിയും കോടതിയിൽ എത്തിയിരുന്നു. രോഗിയെ ചികിത്സിക്കാനെത്തിയ ഡോക്ടറെത്തന്നെ കൊലപ്പെടുത്തിയ ഈ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി വന്ദനയുടെ പിതാവ് പറഞ്ഞു. മകൾ നാലര മണിക്കൂറോളം മരണവേദന അനുഭവിച്ചാണ് കീഴടങ്ങിയതെന്നും ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 70 സാക്ഷികളും 207 രേഖകളും പ്രതിയുടെ കുറ്റം സംശയലേശമന്യേ തെളിയിക്കാൻ സഹായിച്ചു.

The post രക്ഷപ്പെടാൻ സന്ദീപ് പയറ്റിയത് മനോരോഗ തന്ത്രം; ഡോ. വന്ദനാദാസ് വധക്കേസിൽ ശിക്ഷാവിധി നാളെ appeared first on Express Kerala.

Spread the love
Scroll to Top