
മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. നഗരത്തിലെ ജനവാസ മേഖലയായ ബ്രിജേശ്വരി അനെക്സിലാണ് പുലർച്ചെ നാല് മണിയോടെ അപകടമുണ്ടായത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങൾക്കകം തീ അടുത്തുള്ള വീടുകളിലേക്ക് പടരുകയായിരുന്നു.
തീ പടർന്ന വീടിനുള്ളിലുണ്ടായിരുന്ന പത്തിലേറെ ഗ്യാസ് സിലിണ്ടറുകൾ ഒന്നൊന്നായി പൊട്ടിത്തെറിച്ചത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കി. ഇതോടെ തീ അനിയന്ത്രിതമായി പടരുകയും രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ഇൻഡോർ പോലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: വിമാനയാത്രക്കാർക്ക് ആശ്വാസം! 60% സീറ്റുകൾ ഇനി സൗജന്യമായി തിരഞ്ഞെടുക്കാം
അപകടസ്ഥലം സന്ദർശിച്ച മന്ത്രി കൈലാഷ് വിജയവർഗിയ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഈ അപകടത്തോടെ വീണ്ടും ചർച്ചയാവുകയാണ്.
The post ഇൻഡോറിൽ നടുക്കുന്ന ദുരന്തം! ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം appeared first on Express Kerala.




