
ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്‌സർ പട്ടേലിന് ജാഗ്രതാ നിർദ്ദേശവുമായി ചേതേശ്വർ പൂജാര. കഴിഞ്ഞ സീസണിൽ ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹിക്ക്, രണ്ടാം പകുതിയിലെ അപ്രതീക്ഷിത തകർച്ചയാണ് വിനയായത്. അവസാന എട്ട് മത്സരങ്ങളിൽ അഞ്ചിലും തോറ്റതോടെ വെറും ഒരു പോയിന്റ് വ്യത്യാസത്തിലാണ് ടീമിന് പ്ലേ ഓഫ് നഷ്ടമായത്. അക്‌സറിന്റെ ശാന്തസ്വഭാവം ടീമിന് ഗുണകരമാണെങ്കിലും, കളി കൈവിട്ടുപോകുന്ന നിർണ്ണായക ഘട്ടങ്ങളിൽ അമിതമായി റിലാക്സ്ഡ് ആകുന്നത് തിരിച്ചടിയാകുമെന്ന് പൂജാര ഓർമ്മിപ്പിച്ചു. നായകൻ എന്ന നിലയിൽ ടീമിന്റെ വിജയമൊമെന്റം ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുക എന്നതാണ് അക്‌സറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം നിരീക്ഷിച്ചു.
Also Read: മഞ്ഞക്കുപ്പായത്തിൽ ‘സുൽത്താൻ’ ഇനി എന്ന്? ആഞ്ചലോട്ടി കൈവിട്ടു; നെയ്മറുടെ ലോകകപ്പ് സ്വപ്നങ്ങൾ തുലാസിൽ!
അതേസമയം, കഴിഞ്ഞ സീസണിലെ ബൗളിംഗ് തിരിച്ചടികളിൽ നിന്നും അക്‌സർ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുൻ ഡൽഹി കോച്ച് മുഹമ്മദ് കൈഫ്. കഴിഞ്ഞ തവണ 12 മത്സരങ്ങളിൽ നിന്ന് വെറും 5 വിക്കറ്റുകൾ മാത്രം വീഴ്ത്താനായ അക്‌സറിന് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ഇത്തവണത്തെ സ്പിൻ നിരയ്ക്ക് സാധിക്കും. കുൽദീപ് യാദവിനൊപ്പം ഉത്തർപ്രദേശിൽ നിന്നുള്ള യുവ ലെഗ് സ്പിന്നർ വിപ്രാജ് നിഗം കൂടി എത്തിയതോടെ ഡൽഹിയുടെ ബൗളിംഗ് കരുത്ത് വർദ്ധിച്ചിട്ടുണ്ട്.
ഐപിഎല്ലിന് മുന്നോടിയായി നടന്ന മത്സരങ്ങളിൽ 7 കളിയിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തി അക്‌സർ ഇതിനോടകം തന്നെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത്തവണ പവർപ്ലേ ഓവറുകളിൽ പുതിയ പന്തിൽ അക്‌സർ പന്തെറിയുന്നത് ടീമിന് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സഹായകമാകുമെന്നും കൈഫ് കൂട്ടിച്ചേർത്തു.
The post അക്‌സറിന് പൂജാരയുടെ മുന്നറിയിപ്പ്; ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിന് അഗ്നിപരീക്ഷ! appeared first on Express Kerala.




