
ആഭ്യന്തര വിമാന സർവീസുകളിൽ സീറ്റ് ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്ന അധിക നിരക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. വിമാനത്തിലെ മൊത്തം സീറ്റുകളിൽ 60 ശതമാനമെങ്കിലും യാതൊരുവിധ അധിക ചാർജും ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. നിലവിൽ വെറും 20 ശതമാനം സീറ്റുകൾക്ക് മാത്രമാണ് അധിക തുകയില്ലാതെ തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നത്. ജനാലയ്ക്കരികിലെ സീറ്റുകൾ, കൂടുതൽ ലെഗ്-റൂമുള്ള സീറ്റുകൾ എന്നിവയ്ക്ക് കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ.
സീറ്റ് തിരഞ്ഞെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പുതിയ നിർദ്ദേശത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഒരേ പി.എൻ.ആറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പരമാവധി അടുത്തടുത്ത സീറ്റുകൾ തന്നെ അനുവദിക്കണമെന്ന് ഡി.ജി.സി.എ നിർദ്ദേശിച്ചു. മുൻഗണനാ ക്രമത്തിലുള്ള സീറ്റുകൾ പണം നൽകി തിരഞ്ഞെടുത്തില്ലെങ്കിൽ, യാത്രാ തീയതിയോട് അടുപ്പിച്ച് ബാക്കിയുള്ള സീറ്റുകൾ യാത്രക്കാർക്ക് നൽകുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ പുതിയ പരിഷ്കാരം വരുന്നതോടെ സാധാരണക്കാരായ യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഇഷ്ടപ്പെട്ട സീറ്റുകൾ ലഭിക്കാനുള്ള സാധ്യത വർധിക്കും.
The post വിമാനയാത്രക്കാർക്ക് ആശ്വാസം! 60% സീറ്റുകളിലും അധിക ചാർജ് പാടില്ലെന്ന് കേന്ദ്ര നിർദ്ദേശം appeared first on Express Kerala.




