
ഐപിഎൽ 19-ാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൺറൈസേഴ്‌സ് ഹൈദരാബാദ് പുതിയ നായകനെ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയ്ക്കിടെ പരിക്കേറ്റ നായകൻ പാറ്റ് കമ്മിൻസിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് ഇന്ത്യൻ താരം ഇഷാൻ കിഷനെ ഇടക്കാല ക്യാപ്റ്റനായി മാനേജ്‌മെന്റ് തിരഞ്ഞെടുത്തത്. യുവ ഓപ്പണർ അഭിഷേക് ശർമ്മയായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റൻ. കമ്മിൻസ് പൂർണ്ണ കായികക്ഷമത കൈവരിക്കുന്നത് വരെ ഇഷാൻ ടീമിനെ നയിക്കുമെന്ന് എസ്ആർഎച്ച് ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ സീസണിൽ 11.25 കോടി രൂപയ്ക്ക് ടീമിലെത്തിയ ഇഷാൻ കിഷന്റെ സമീപകാലത്തെ മിന്നും ഫോമും നായകപാടവുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ജാർഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ച ഇഷാൻ, ടൂർണമെന്റിലെ ടോപ്പ് സ്കോറർ കൂടിയായിരുന്നു. ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തിലും നിർണായക പങ്ക് വഹിച്ച കിഷൻ, നിലവിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. അഭിഷേക് ശർമ്മയുടെ പേര് നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇഷാന്റെ പരിചയസമ്പത്തിന് മുൻഗണന നൽകുകയായിരുന്നു.
Also Read: ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിനും ബുംറയ്ക്കും മുന്നേറ്റം; ഒന്നാം സ്ഥാനം കാത്ത് അഭിഷേക് ശർമ്മ
കഴിഞ്ഞ രണ്ട് സീസണുകളിലും ഹൈദരാബാദിനെ നയിച്ച പാറ്റ് കമ്മിൻസിന്റെ അസാന്നിധ്യം ടീമിന് തിരിച്ചടിയാണെങ്കിലും, പുതിയ യുവ നേതൃത്വത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടുന്ന ഇഷാൻ കിഷനും തകർപ്പൻ ഫോമിലുള്ള അഭിഷേക് ശർമ്മയും ചേരുമ്പോൾ ഹൈദരാബാദിന്റെ ബാറ്റിംഗ് നിര കൂടുതൽ കരുത്താർജ്ജിക്കും. വരാനിരിക്കുന്ന സീസണിൽ ആക്രമിച്ച് കളിക്കുന്ന ഒരു ശൈലിയായിരിക്കും ടീം പിന്തുടരുക എന്ന സൂചനയാണ് ഈ നിയമനം നൽകുന്നത്.
The post കമ്മിൻസിന് പരിക്ക്; സൺറൈസേഴ്‌സിനെ ഇഷാൻ കിഷൻ നയിക്കും, അഭിഷേക് വൈസ് ക്യാപ്റ്റൻ appeared first on Express Kerala.




