
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് വാളകം മേക്കടമ്പിലുള്ള മൈ കാർ യൂസ്ഡ് കാർ ഷോറൂമിന് നേരെ അജ്ഞാതന്റെ ആക്രമണം. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഷോറൂം ഉടമ അജി ചാക്കോയുടെ വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന് നേരെ കാറിലെത്തിയ യുവാവ് പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് തീയിടാൻ ശ്രമിക്കുകയായിരുന്നു.
പുലർച്ചെ 3:30-നും 5:30-നും ഇടയിൽ രണ്ട് തവണയായാണ് അക്രമി എത്തിയത്. ഷോറൂമിനോട് ചേർന്നുള്ള കെയ്ക്ക് ഷോപ്പിന്റെ ചില്ലുവാതിൽ തകർന്നിട്ടുണ്ട്. കാബിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഭാഗ്യവശാൽ ഷോറൂമിലുണ്ടായിരുന്ന 25-ഓളം കാറുകളിലേക്ക് തീ പടർന്നില്ല. മൂന്ന് ബിയർ കുപ്പികളിലും ഒരു പ്ലാസ്റ്റിക് കുപ്പിയിലുമാണ് പെട്രോൾ എത്തിച്ചത്. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കുപ്പിക്ക് തീ കൊളുത്തി എറിയുകയായിരുന്നു. കടയുടെ മുന്നിലുണ്ടായിരുന്ന ചവിട്ടിയും അക്രമി കൊണ്ടുവന്ന ഷർട്ടും ഉപയോഗിച്ച് തീ പടർത്താനും ശ്രമം നടന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ അക്രമി എറണാകുളം ഭാഗത്തുനിന്നും കാറിൽ വരുന്നത് വ്യക്തമാണ്. പുലർച്ചെ പ്രഭാതസവാരിക്കാരെ കണ്ടപ്പോൾ ഇയാൾ ഒന്നും അറിയാത്ത ഭാവത്തിൽ മാറിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
The post മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിന് തീയിടാൻ ശ്രമം; പെട്രോൾ ബോംബെറിഞ്ഞത് രണ്ട് തവണ appeared first on Express Kerala.




