
കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ തള്ളി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും അദ്ദേഹം പാർട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ സുധാകരൻ തന്നെ ഫോണിൽ വിളിച്ചിരുന്നതായും ചെന്നിത്തല വെളിപ്പെടുത്തി.
ലോക്സഭാ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും അദ്ദേഹം മറുപടി നൽകി. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പുറത്തുവരുമെന്നും ചില സീറ്റുകളിൽ കൂടി തീരുമാനം ആകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഇത്ര പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ല. സിപിഎമ്മിനെപ്പോലെ ഒരു പ്രാദേശിക പാർട്ടിയല്ല കോൺഗ്രസ് എന്നും, ഹൈക്കമാൻഡ് നിശ്ചയിച്ചിട്ടുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ധർമ്മടത്ത് മൂന്നാം അംഗത്തിന് ഒരുങ്ങി മുഖ്യമന്ത്രി
നിലവിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ചെന്നിത്തല അവകാശപ്പെട്ടു. എൽഡിഎഫിലെ അതൃപ്തികളെക്കുറിച്ച് സൂചിപ്പിക്കവെ, മുൻ മന്ത്രി ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കണമെന്നും അതിൽ കാര്യങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
The post കെ. സുധാകരൻ പാർട്ടി വിടില്ല! പുതിയ പാർട്ടി വെറും കിംവദന്തി മാത്രം; രമേശ് ചെന്നിത്തല appeared first on Express Kerala.




