കൊയ്ത്തിന് തൊട്ടടുത്ത് ഇടിത്തീയായി വേനൽമഴ; മാന്നാറിൽ 80 ഏക്കർ നെൽകൃഷി നശിച്ചു

കൊയ്ത്തിന് തൊട്ടടുത്ത് ഇടിത്തീയായി വേനൽമഴ; മാന്നാറിൽ 80 ഏക്കർ നെൽകൃഷി നശിച്ചു

മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിൽ കൊയ്ത്തിന് പാകമായ എൺപതേക്കറോളം നെൽകൃഷി വേനൽമഴയിലും കാറ്റിലും പെട്ട് പൂർണ്ണമായും നശിച്ചു. വിതച്ച് തൊണ്ണൂറു ദിവസം പിന്നിട്ട് ഏപ്രിൽ എട്ടിന് കൊയ്ത്തിന് തയാറെടുത്തിരിക്കെയാണ് കർഷകരുടെ പ്രതീക്ഷകൾ തകർത്ത് അപ്രതീക്ഷിത മഴയെത്തിയത്. മുൻവർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കൃഷിനാശത്തിലും തകർന്നുപോയ കർഷകർ, ഇത്തവണ ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണം വാങ്ങിയുമാണ് വീണ്ടും നിലമിറക്കിയത്. വായ്പാത്തുക തിരിച്ചടയ്ക്കാനോ നിലത്തിന്റെ പാട്ടത്തുക നൽകാനോ കഴിയാത്ത വിധം കടുത്ത പ്രതിസന്ധിയിലായ കർഷകർ, പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് മാറ്റി ബാക്കിയുള്ള കൃഷിയെങ്കിലും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്.

കഴിഞ്ഞ തവണ മുക്കം-വാലയിൽ ബണ്ട് നിർമാണം വൈകിയത് മൂലം കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയാതെ വന്നപ്പോൾ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ ഇത്തവണ പ്രകൃതി തന്നെ ചതിച്ചതോടെ കർഷകർ കണ്ണീരിലായിരിക്കുകയാണ്. വിവരമറിഞ്ഞ് മാന്നാർ അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സുധീർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ എന്നിവർ പാടശേഖരത്തിലെത്തി നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തി. കർഷകരുടെ ദുരിതം വിവരിച്ചുകൊണ്ടുള്ള റിപ്പോർട്ട് അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.

The post കൊയ്ത്തിന് തൊട്ടടുത്ത് ഇടിത്തീയായി വേനൽമഴ; മാന്നാറിൽ 80 ഏക്കർ നെൽകൃഷി നശിച്ചു appeared first on Express Kerala.

Spread the love
See also  ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.
Scroll to Top