
റിയാദ്: അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കെതിരെ അതിശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. റിയാദിൽ ചേർന്ന അറബ്-ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
തങ്ങൾ കാണിക്കുന്ന സംയമനം ദുർബലതയായി കാണരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. “ഞങ്ങളുടെ ക്ഷമ പരിധികളില്ലാത്തതല്ല. അത് ഒരു ദിവസമോ ഒരാഴ്ചയോ നീണ്ടുനിന്നേക്കാം. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ സൈനിക നടപടികൾ സ്വീകരിക്കാൻ സൗദിക്ക് പൂർണ്ണ അവകാശമുണ്ട്,” ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. 2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെയുണ്ടായ നേരിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ തകർന്നിരിക്കുകയാണ്. ആക്രമണങ്ങൾ തുടർന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: റമദാനിന് ശേഷം ആരോഗ്യകരമായ ജീവിതത്തിലേക്ക് എങ്ങനെ മടങ്ങാം? അറിയേണ്ടതെല്ലാം
ഫെബ്രുവരി 28 മുതൽ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നിരന്തരമായ ആക്രമണങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം റിയാദിനെ ലക്ഷ്യമിട്ടെത്തിയ നാല് ബാലസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന വിജയകരമായി തകർത്തിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്കുള്ള റിഫൈനറിക്ക് സമീപമാണ് പതിച്ചത്. ആക്രമണ ഭീഷണിയെത്തുടർന്ന് തലസ്ഥാന നഗരിയിൽ നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ 457 ഡ്രോണുകളും 40 ബാലസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളുമാണ് സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും ഹിസ്ബുള്ളയ്ക്ക് ഇറാൻ നൽകുന്ന പിന്തുണയും മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നതായി സൗദി നിരീക്ഷിക്കുന്നു. സമാധാനപരമായ ചർച്ചകളാണ് സൗദി ആഗ്രഹിക്കുന്നതെങ്കിലും, ഇറാൻ പ്രകോപനം തുടരുന്നത് നയതന്ത്ര ചർച്ചകളുടെ വാതിലുകൾ എന്നെന്നേക്കുമായി അടയ്ക്കാൻ കാരണമാകുമെന്നും വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.
The post സൗദിയുടെ ക്ഷമ നശിക്കുന്നു; ഇറാന് ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് appeared first on Express Kerala.




