വാളയാർ ആൾക്കൂട്ടക്കൊല! എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

വാളയാർ ആൾക്കൂട്ടക്കൊല! എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ച ജാമ്യമാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി കർശന നിർദ്ദേശം നൽകി.

വിചാരണക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. വിചാരണക്കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും വളരെ തിടുക്കപ്പെട്ടാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു. കേസിൽ മരിച്ചയാളുടെ ആശ്രിതരുടെ ഭാഗം കേൾക്കാൻ കോടതി തയ്യാറായില്ല എന്നതും ഗൗരവകരമായ വീഴ്ചയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി 31-നായിരുന്നു പ്രതികൾക്ക് വിചാരണക്കോടതി ഉപാധികളോടെ ജാമ്യം നൽകിയത്.

Also Read: വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും കാറിലും ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

2025 ഡിസംബർ 18-നായിരുന്നു വാളയാർ അട്ടപ്പള്ളത്ത് വെച്ച് രാംനാരായൺ ഭാഗേൽ ക്രൂരമായ ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയായത്. ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ മോഷണക്കുറ്റം ആരോപിച്ചും ‘ബംഗ്ലാദേശി’ എന്ന് വിളിച്ചും ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് മണിക്കൂറുകളോളം അവശനായി കിടന്ന രാംനാരായണനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അന്നേ ദിവസം വൈകിട്ടോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രാംനാരായണിന്റെ ശരീരത്തിലാകെ ക്രൂരമായ മർദനമേറ്റതായും തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്നും വ്യക്തമായിരുന്നു. ഈ സംഭവത്തെത്തുടർന്ന് കേരള സർക്കാർ 30 ലക്ഷം രൂപയും ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപയും രാംനാരായണിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അന്വേഷണസംഘം നൽകിയ അപ്പീലിന്മേലാണ് ഇപ്പോൾ ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

The post വാളയാർ ആൾക്കൂട്ടക്കൊല! എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം appeared first on Express Kerala.

Spread the love
Scroll to Top