
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന്റെ എല്ലാവിധ ജീർണതകളും സുധാകരനിൽ പ്രകടമാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വർത്തമാനകാലവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വം പോലും തള്ളിപ്പറഞ്ഞ സുധാകരൻ ഇപ്പോൾ വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണെന്നും, ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെ ബന്ധം ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ ഫണ്ട് ശേഖരണത്തെക്കുറിച്ചും എം.വി. ഗോവിന്ദൻ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. ദുരന്തബാധിതർക്കായി പിരിച്ചെടുത്ത പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. കോൺഗ്രസും യൂത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും ചേർന്ന് 230 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും ഒരു വീട് പോലും നൽകിയിട്ടില്ല. കെപിസിസിയുടെ അക്കൗണ്ടിൽ പണമുണ്ടെന്ന് പറയുമ്പോഴും സഹായം അർഹരായവരിലേക്ക് എത്തുന്നില്ല. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: പാട്ട് ഇനിയും പാടും, ശബരിമല സ്വർണ്ണക്കൊള്ള ഉന്നയിക്കും; പരാതിക്ക് പിന്നിൽ സിപിഎമ്മെന്ന് പഴകുളം മധു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും കടുത്ത ഭാഷയിലാണ് ഗോവിന്ദൻ പ്രതികരിച്ചത്. സതീശൻ ഓരോ ദിവസവും ഓരോ നുണകളാണ് പ്രചരിപ്പിക്കുന്നത്. വയനാട് തുരങ്കപാതയെക്കുറിച്ചും എസ്ഐആറിനെക്കുറിച്ചും കള്ളപ്രചരണങ്ങളാണ് കോൺഗ്രസും ലീഗും നടത്തുന്നത്. സതീശനെ സഹായിക്കുന്ന നിലപാടാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും ഇതിലൊന്നും മാധ്യമങ്ങൾക്ക് ചർച്ചയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
The post അമ്പലപ്പുഴയിൽ എൽഡിഎഫ് ജയിക്കും, സുധാകരന്റേത് ജീർണ്ണിച്ച രാഷ്ട്രീയം; ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ appeared first on Express Kerala.



