
ഐപിഎൽ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഹൈദരാബാദ് ഉയർത്തിയ 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെറും 15.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബെംഗളൂരു മറികടന്നു. വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് ആർസിബിക്ക് അനായാസ വിജയം സമ്മാനിച്ചത്.
38 പന്തിൽ നിന്ന് 5 സിക്സറുകളും 5 ഫോറുകളുമടക്കം 69 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് ആർസിബി നിരയിൽ തിളങ്ങിയത്. ഇംപാക്ട് പ്ലെയറായി എത്തിയ ദേവ്ദത്ത് പടിക്കൽ വെറും 26 പന്തിൽ 61 റൺസ് അടിച്ചുകൂട്ടി വിജയത്തിന് വേഗത കൂട്ടി. ക്യാപ്റ്റൻ രജത് പാട്ടീദാർ (12 പന്തിൽ 31), ടിം ഡേവിഡ് (10 പന്തിൽ 16) എന്നിവരും നിർണ്ണായക സംഭാവനകൾ നൽകി. ഹർഷൽ പട്ടേലിന്റെ പന്ത് ബൗണ്ടറി കടത്തി വിരാട് കോലിയാണ് ആർസിബിയുടെ വിജയ റൺസ് കുറിച്ചത്.
Also Read: പാറ്റ് കമ്മിൻസിന് പരിക്ക്, സൺറൈസേഴ്സിനെ നയിക്കാൻ ഇഷാൻ കിഷൻ! ഹൈദരാബാദ് ചരിത്രത്തിൽ പുതിയ റെക്കോർഡ്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനായി ക്യാപ്റ്റൻ ഇഷാൻ കിഷൻ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 38 പന്തിൽ 80 റൺസ് നേടിയ കിഷനാണ് ടീമിനെ 200 കടത്തിയത്. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (11), അഭിഷേക് ശർമ (9) എന്നിവർ പരാജയപ്പെട്ടെങ്കിലും ഹെൻറിച് ക്ലാസൻ (31), അനികേത് വർമ (18 പന്തിൽ 43) എന്നിവർ മികച്ച പിന്തുണ നൽകി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഹൈദരാബാദ് നേടിയത്.
ബൗളിങ്ങിൽ ജേക്കബ് ഡഫിയും റൊമാരിയോ ഷെഫേഡും ആർസിബിക്കായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഡഫിയുടെ ആദ്യ സ്പെൽ ഹൈദരാബാദിന്റെ മുൻനിരയെ വിറപ്പിച്ചു. അഭിനന്ദൻ സിങ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ആർസിബി സീസണിലെ ആദ്യ പോയിന്റുകൾ സ്വന്തമാക്കിയിരിക്കുകയാണ്.
The post ചിന്നസ്വാമിയിൽ കോഹ്ലി- പടിക്കൽ വെടിക്കെട്ട്; സൺറൈസേഴ്സിനെ തകർത്ത് ആർസിബിക്ക് തകർപ്പൻ തുടക്കം appeared first on Express Kerala.




