
തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘പോർ തൊഴിൽ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന ഈ ആക്ഷൻ ഡ്രാമയുടെ ഒടിടി അവകാശങ്ങൾ വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. തമിഴിൽ തിരക്കുള്ള നായികയായി മാറുന്ന മമിത, വിജയ് ചിത്രം ‘ജനനായകൻ’, സൂര്യയുടെ 46-ാം ചിത്രം, എന്നിവയിലും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ധനുഷ് ചിത്രത്തിന് പുറമെ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും ജയറാമും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നു. സുരാജിന്റെ ഞെട്ടിക്കുന്ന പ്രകടനമാകും ചിത്രത്തിലുണ്ടാവുക എന്ന സൂചനയാണ് പുറത്തുവന്ന ടീസർ വീഡിയോ നൽകുന്നത്.
Also Read: ‘നിറം വെല്ലുവിളിയായി, പക്ഷേ തോറ്റുകൊടുത്തില്ല’; കാതൽ സിനിമയുടെ ഓർമ്മകളുമായി ഭരത്
ജി.വി. പ്രകാശ് കുമാർ സംഗീതവും തേനി ഈശ്വർ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് നിർമ്മിക്കുന്നത്. ധനുഷ് തന്നെ സംവിധാനം ചെയ്ത് നിത്യ മേനൻ നായികയായ ‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ധനുഷ് ചിത്രം കൂടിയാണിത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന ‘കര’ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്.
The post ധനുഷിന്റെ നായികയായി മമിത ബൈജു! ‘കര’ തിയേറ്ററുകളിലേക്ക് appeared first on Express Kerala.




