
കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസം നൽകുന്ന 20 നിർണ്ണായക മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ആർടിഒ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ. കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ‘ജൻ വിശ്വാസ്’ ഭേദഗതി ബില്ലിലൂടെയാണ് 1988-ലെ മോട്ടോർ വാഹന നിയമത്തിൽ ഈ ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്നത്.
ലൈസൻസ് സംബന്ധിച്ച പ്രധാന ഇളവുകൾ
ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാലും അടുത്ത 30 ദിവസം കൂടി പിഴയില്ലാതെ വാഹനം ഓടിക്കാനും ലൈസൻസ് പുതുക്കാനും സാധിക്കുന്ന ‘ഗ്രേസ് പിരിയഡ്’ അനുവദിച്ചതാണ് ഏറ്റവും വലിയ മാറ്റം. കൂടാതെ, ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് തന്നെ പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കാം. 40 വയസ്സിന് മുകളിലുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് പരീവാഹൻ പോർട്ടൽ വഴി ഡോക്ടർമാർക്ക് നേരിട്ട് ഓൺലൈനായി സമർപ്പിക്കാവുന്ന സൗകര്യവും നിലവിൽ വന്നു.
ആർടിഒ സന്ദർശനം ഒഴിവാക്കാം; എല്ലാം ഓൺലൈൻ
ലേണേഴ്സ് ലൈസൻസിനായി ഇനി ആർടിഒ ഓഫീസിൽ ക്യൂ നിൽക്കേണ്ടതില്ല. ആധാർ കാർഡ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ പരീക്ഷ എഴുതി ലേണേഴ്സ് ഡൗൺലോഡ് ചെയ്യാം. വിലാസം മാറ്റുക, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കുക, എൻഒസി അപേക്ഷകൾ തുടങ്ങി 18-ഓളം സേവനങ്ങൾ ഇപ്പോൾ പൂർണ്ണമായും ഓൺലൈനായി മാറി. അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്ക് ആർടിഒ ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസൻസ് ലഭിക്കുന്ന സംവിധാനവും പ്രധാന നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
Also Read: പുത്തൻ ലുക്കിൽ കുതിക്കാൻ ടൈഗൺ; ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി ഫോക്സ്വാഗൺ എത്തുന്നു
ഡിജിറ്റൽ രേഖകൾക്കും ഉടമസ്ഥാവകാശ മാറ്റത്തിനും പുതിയ നിയമം
പരിശോധന വേളയിൽ ലൈസൻസ്, ആർസി, ഇൻഷുറൻസ് എന്നിവയുടെ അസ്സൽ രേഖകൾ കൈവശമില്ലെങ്കിലും കുഴപ്പമില്ല. ഡിജി ലോക്കർ അല്ലെങ്കിൽ എം-പരിവാഹൻ ആപ്പിലെ രേഖകൾക്ക് ഒറിജിനലിന് തുല്യമായ നിയമസാധുതയുണ്ടാകും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റുന്നതിനും ആധാർ വെരിഫിക്കേഷൻ വഴി ഓൺലൈനായി അപേക്ഷിക്കാം. ഇൻഷുറൻസ് കൈമാറ്റം ചെയ്യുന്നതിനും രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുമുള്ള സമയപരിധി 14 ദിവസത്തിൽ നിന്ന് 30 ദിവസമായി ഉയർത്തിയിട്ടുണ്ട്.
ശിക്ഷാ നടപടികളിലെ മാറ്റങ്ങൾ
നിസ്സാരമായ സാങ്കേതിക പിഴവുകൾക്ക് ഇനി തടവുശിക്ഷ ഉണ്ടാകില്ല, പകരം പിഴ മാത്രമായിരിക്കും നൽകേണ്ടി വരിക. ആദ്യമായി നടത്തുന്ന ചില നിസ്സാര നിയമലംഘനങ്ങൾക്ക് പിഴയ്ക്ക് പകരം ഔദ്യോഗിക ‘മുന്നറിയിപ്പ്’ നൽകാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എന്നാൽ, ഓരോ മൂന്ന് വർഷം കൂടുമ്പോഴും മോട്ടോർ വാഹന പിഴകളിൽ 10 ശതമാനം വർദ്ധനവ് ഓട്ടോമാറ്റിക്കായി ഉണ്ടാകും. ഒരു വർഷത്തിനുള്ളിൽ അഞ്ചിലധികം തവണ നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
The post ലൈസൻസ് കാലാവധി കഴിഞ്ഞോ? ഇനി പേടിക്കേണ്ട; വാഹന നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ appeared first on Express Kerala.



