സുരക്ഷാകരുതലോടെ ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു! ആശങ്കയൊഴിഞ്ഞ് ക്ലാസ് മുറികളിലേക്ക് വിദ്യാർത്ഥികൾ

സുരക്ഷാകരുതലോടെ ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു! ആശങ്കയൊഴിഞ്ഞ് ക്ലാസ് മുറികളിലേക്ക് വിദ്യാർത്ഥികൾ

മേഖലയിലെ സംഘർഷസാഹചര്യങ്ങളെത്തുടർന്ന് നടപ്പിലാക്കിയിരുന്ന ഓൺലൈൻ പഠനത്തിന് വിരാമമിട്ട് ഖത്തറിലെ സ്കൂളുകൾ വീണ്ടും സജീവമായി. 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ചയാണ് സർക്കാർ-സ്വകാര്യ സ്കൂളുകളിലെ 4.17 ലക്ഷത്തോളം വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിയത്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്കൂളുകളിൽ ഏപ്രിൽ ഒന്ന് മുതലായിരിക്കും നേരിട്ടുള്ള അധ്യയനം ആരംഭിക്കുക. അധ്യയനം പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 1,200-ഓളം സ്കൂൾ പ്രിൻസിപ്പൽമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. വിദ്യാലയങ്ങളിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തിയതായും, ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും മന്ത്രാലയം രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. കൃത്യമായ ഒഴിപ്പിക്കൽ നടപടികൾ, ഗോവണികളുടെ ഉപയോഗം, സുരക്ഷിത കേന്ദ്രങ്ങളിലെ ഒത്തുകൂടൽ എന്നിവ സംബന്ധിച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വ്യക്തമായ ധാരണ നൽകിയിട്ടുണ്ട്.

Also Read: അറബ് സുരക്ഷയ്ക്ക് സംയുക്ത പ്രതിരോധം; ഇറാന്റെ ഇടപെടലുകൾക്കെതിരെ അറബ് ലീഗ്

വ്യാജവാർത്തകളിൽ പരിഭ്രാന്തരാകാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്കൂൾ ബസുകളിലെ അച്ചടക്കം പാലിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിലും വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണം. സുരക്ഷിതമായ അധ്യയന അന്തരീക്ഷം നിലനിർത്തുന്നതിൽ സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഓർമ്മിപ്പിച്ച മന്ത്രാലയം, പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചു.

The post സുരക്ഷാകരുതലോടെ ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു! ആശങ്കയൊഴിഞ്ഞ് ക്ലാസ് മുറികളിലേക്ക് വിദ്യാർത്ഥികൾ appeared first on Express Kerala.

Spread the love
Scroll to Top