തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന തമിഴക വെട്രി കഴകം (ടിവികെ) യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രകടന പത്രിക പുറത്തിറക്കി. മയക്കുമരുന്ന് മുക്തമായ തമിഴ്‌നാട് സൃഷ്ടിക്കുമെന്ന ഉറപ്പോടെയാണ് പാർട്ടി അധ്യക്ഷൻ വിജയ് പത്രിക സമർപ്പിച്ചത്. 29 വയസ്സ് കഴിഞ്ഞ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമധാരികൾക്ക് 2,000 രൂപയും തൊഴിലില്ലായ്മ വേതനമായി നൽകുമെന്നതാണ് പത്രികയിലെ ഏറ്റവും ആകർഷകമായ പ്രഖ്യാപനം.
വിദ്യാഭ്യാസ മേഖലയിൽ വലിയ വിപ്ലവമാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി തലം വരെയുള്ള പഠനത്തിനായി 20 ലക്ഷം രൂപ വരെ ഈടില്ലാത്ത പലിശരഹിത വായ്പ ലഭ്യമാക്കും. കൂടാതെ, സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് 25 ലക്ഷം രൂപ വരെ ഇതേ രീതിയിൽ വായ്പ നൽകും. തമിഴ്നാട്ടുകാർക്ക് തൊഴിലവസരങ്ങളിൽ 75 ശതമാനം മുൻഗണന നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിലും വൈദ്യുതി നിരക്കിലും ഇളവുകൾ നൽകുമെന്നും പത്രികയിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: ക്ഷേമപെൻഷൻ 3000 രൂപയാക്കും; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസുമായി യുഡിഎഫ്
പ്രതിവർഷം അഞ്ച് ലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങളാണ് സ്വകാര്യ-പൊതുമേഖലകളിലായി ടിവികെ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ഉറപ്പാക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും പോരാട്ടത്തിന് സജ്ജമാണെന്ന് ടിവികെ അറിയിച്ചു.
The post യുവാക്കളെ ലക്ഷ്യമിട്ട് വിജയിന്റെ ടിവികെ! തൊഴിലില്ലായ്മ വേതനവും പലിശരഹിത വായ്പയും പ്രധാന വാഗ്ദാനങ്ങൾ appeared first on Express Kerala.




