മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു! ഇസ്രയേൽ എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തം

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു! ഇസ്രയേൽ എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തം

സ്രയേലിലെ ഹൈഫയിലുള്ള ബസാൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച മിസൈൽ ആക്രമണമുണ്ടായി. ഇസ്രയേലിന്റെ ഊർജ്ജമേഖലയിലെ നിർണ്ണായക കേന്ദ്രമായ ഇവിടെ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടാവുകയും പ്രദേശം പുകയാൽ മൂടപ്പെടുകയും ചെയ്തു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അവകാശവാദമുണ്ടെങ്കിലും, ഹിസ്ബുള്ളയാണോ മിസൈൽ തൊടുത്തതെന്ന കാര്യത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ മിസൈൽ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് തീപിടുത്തമുണ്ടായതെന്നാണ് ഇസ്രയേൽ അഗ്നിരക്ഷാസേന വിശദീകരിക്കുന്നത്.

അതേസമയം, ഇറാഖിലെ മുഹമ്മദ് ആല വ്യോമത്താവളത്തിന് നേരെയും മിസൈൽ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ഇറാഖ് വ്യോമസേനയുടെ യുദ്ധവിമാനം തകർന്നതായി ഇറാഖ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ കുറ്റകരമാണെന്ന് വിശേഷിപ്പിച്ച മന്ത്രാലയം, സംഭവത്തിൽ ആളപായമില്ലെന്നും വ്യക്തമാക്കി. മേഖലയിലെ വ്യോമതാവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ സംഘർഷം കൂടുതൽ പ്രവിശ്യകളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Also Read: ചൈനയെ നടുക്കിയ ‘പ്രേത ഡ്രൈവർമാർ’; യൂബർ ടാക്സി തട്ടിപ്പിന്റെ ചുരുളഴിഞ്ഞു

തിങ്കളാഴ്ച ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും ശക്തമായ വ്യോമാക്രമണം നടത്തി. ബെയ്‌റൂത്തിലെ ഹിസ്ബുള്ള താവളങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിലും നീക്കങ്ങൾ സജീവമാണ്. ഇറാനെ ആക്രമിക്കാനായി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി വിട്ടുനൽകില്ലെന്ന നിലപാട് സ്പെയിൻ വീണ്ടും വ്യക്തമാക്കി. വിലക്ക് നീട്ടിയ സ്പെയിനിന്റെ നടപടി അമേരിക്കൻ നീക്കങ്ങൾക്ക് തിരിച്ചടിയായേക്കാം. എന്നാൽ ശത്രുവിനെ പൂർണ്ണമായി നശിപ്പിക്കുന്നത് വരെ വിശ്രമമില്ലെന്ന് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചതോടെ മേഖലയിൽ വരും ദിവസങ്ങളിലും കനത്ത പോരാട്ടം തുടരുമെന്നാണ് സൂചന.

The post മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു! ഇസ്രയേൽ എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തം appeared first on Express Kerala.

Spread the love
Scroll to Top