
തിരുവനന്തപുരം വലിയതുറയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശി അബ്ദുൾ ഖാദർ (32), വള്ളക്കടവ് സ്വദേശി സഹീർഖാൻ (25) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. കഴിഞ്ഞ മാർച്ച് 17-ന് വലിയതുറ പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. വഴിതടഞ്ഞുനിർത്തിയ പ്രതികൾ യുവാവിനെ ക്രൂരമായി മർദിച്ച ശേഷം കൈവശമുണ്ടായിരുന്ന 4000 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
അക്രമത്തിന് പുറമെ, കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെക്കൊണ്ട് ലഹരിമരുന്നായ എം.ഡി.എം.എ നിർബന്ധിതമായി ഉപയോഗിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ബീമാപള്ളി ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വലിയതുറ പൊലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
The post വലിയതുറയിൽ യുവാവിനെ മർദിച്ച് കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ appeared first on Express Kerala.




