
ഫ്രീഡ മക്ഫാഡന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലർ ‘ദി ഹൗസ്മെയ്ഡ്’ രണ്ടാം ഭാഗത്തിന്റെ ആവേശകരമായ അപ്ഡേറ്റുകൾ പുറത്തുവന്നു. സിഡ്നി സ്വീനിയും അമാൻഡ സെയ്ഫ്രൈഡും പ്രധാന വേഷങ്ങളിലെത്തിയ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. ഈ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം 2027 ഡിസംബർ 17-ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. മാർവലിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘അവഞ്ചേഴ്സ്: സീക്രെട്ട് വാഴ്സി’നൊപ്പമാണ് ഈ സിനിമയും റിലീസിനായി തയ്യാറെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ആദ്യ ഭാഗത്തിന്റെ തുടർച്ചയായി ഒരുങ്ങുന്ന രണ്ടാം ഭാഗത്തിൽ സിഡ്നി സ്വീനിക്കൊപ്പം പ്രമുഖ നടി കിർസ്റ്റൺ ഡൺസ്റ്റും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ, ആദ്യ ഭാഗത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മിഷേൽ മോറോണും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തുന്നുണ്ട്. വെറും 35 മില്യൺ ഡോളർ നിർമ്മാണച്ചെലവിൽ ഒരുങ്ങിയ ആദ്യ ഭാഗം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 400 മില്യൺ ഡോളറിലധികം കളക്ഷൻ നേടി കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.
Also Read:ബാഹുബലിയുടെ ഒൻപത് വർഷത്തെ റെക്കോർഡ് തകർത്ത് ‘ധുരന്ദർ 2’; അഭിനന്ദനങ്ങളുമായി ടീം
സിഡ്നി സ്വീനിയുടെയും അമാൻഡ സെയ്ഫ്രൈഡിന്റെയും പ്രകടനങ്ങൾക്കും സിനിമയുടെ അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും വലിയ തോതിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. നിലവിൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്. ബോക്സ് ഓഫീസിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരുപോലെ തരംഗമായ ‘ദി ഹൗസ്മെയ്ഡ്’ രണ്ടാം ഭാഗം എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
The post ബോക്സ് ഓഫീസിൽ തരംഗമായി ‘ദി ഹൗസ്മെയ്ഡ്’; രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Express Kerala.




