
സഹകരണ വകുപ്പിലെ വിവാദമായ സോഫ്റ്റ്‌വെയർ കരാർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ടെൻഡർ നടപടികളിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഏഴ് ഐടി കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് മെയ് 19 വരെ നടപടികൾ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകാനായിരുന്നു സർക്കാർ നീക്കം.
ഈ കരാറിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങൾ ശരിവെക്കുന്നതാണ് കോടതിയുടെ ഇടപെടൽ. 700 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ടാറ്റ കൺസൾട്ടൻസിക്ക് 206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാർ നാലിരട്ടി തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ ശ്രമിച്ചുവെന്നുമാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം.
രണ്ടാം ഘട്ട പദ്ധതിയിൽ ദിനേശ് ബീഡി സംഘത്തിന് മാത്രം പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ചതായും സുതാര്യത ഉറപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ മേഖലയെ പൂർണ്ണമായും സിപിഐഎമ്മിന്റെ നിയന്ത്രണത്തിലാക്കാനാണ് സർക്കാരിന്റെ നീക്കമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് രഹസ്യമായി കരാർ ഉറപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും കരാറിന് പിന്നിലെ കള്ളക്കളികൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇതിന് കൂട്ടുനിന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
The post സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ കരാറിന് തിരിച്ചടി; ടെൻഡർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു appeared first on Express Kerala.




