
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതി സംസ്ഥാനത്തെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തും തിരുവല്ലയിലും നടക്കുന്ന വമ്പൻ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
തിരുവനന്തപുരത്തെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ പരിപാടിയിൽ ജില്ലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും അണിനിരക്കും. റോഡ് ഷോയ്ക്ക് ശേഷം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Also Read: നടുക്കടലിൽ എഞ്ചിൻ നിലച്ചു; നിയന്ത്രണം വിട്ട ബോട്ട് കരയ്ക്കടിച്ചു തകർന്നു
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ തുടങ്ങി സമീപത്തെ പത്തോളം നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി മുപ്പതിനായിരത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.
The post പ്രധാനമന്ത്രി ഏപ്രിൽ 4-ന് കേരളത്തിലെത്തും; തിരുവനന്തപുരത്ത് റോഡ്ഷോ, തിരുവല്ലയിൽ പൊതുപരിപാടി appeared first on Express Kerala.




