ജാഗ്രതയോടെ ഫുജൈറ! തകർന്നു വീണ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു

ജാഗ്രതയോടെ ഫുജൈറ! തകർന്നു വീണ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു

ഫുജൈറ: ആകാശത്ത് വെടിവെച്ചിട്ട അജ്ഞാത ഡ്രോണിന്റെ അവശിഷ്ടങ്ങൾ കൃഷിയിടത്തിലേക്ക് പതിച്ച് പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു. ഫുജൈറയിലെ അൽ-രിഫാ മേഖലയിൽ ഏപ്രിൽ ഒന്നിനാണ് നടുക്കുന്ന സംഭവം ഉണ്ടായത്. രാജ്യത്തിന്റെ ആകാശപരിധിയിൽ കണ്ടെത്തിയ അജ്ഞാത ഡ്രോണിനെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർക്കുകയായിരുന്നുവെന്നും എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസമേഖലയിലെ കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നുവെന്നും ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

അൽ-രിഫാ മേഖലയിലെ ഒരു ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രോണിന്റെ ഭാഗങ്ങൾ കൃഷിയിടത്തിലേക്ക് അതിശക്തമായി വീണതിനെത്തുടർന്ന് ഇദ്ദേഹത്തിന് മാരകമായി പരിക്കേൽക്കുകയും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയുമായിരുന്നു. വിവരം അറിഞ്ഞയുടൻ തന്നെ എമർജൻസി ടീമുകളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പ്രദേശം നിലവിൽ പൂർണ്ണമായും സുരക്ഷിതമാണെന്നും സ്ഥിതിഗതികൾ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം! പ്രവാസികളുടെ യാത്രാ ദുരിതത്തിൽ സുപ്രിയ സുലെ എം.പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

അപകടത്തെത്തുടർന്ന് ജനങ്ങൾക്കിടയിൽ ഭീതി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ അനാവശ്യമായ ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് കർശനമായ മുന്നറിയിപ്പുണ്ട്. ഇത്തരം പ്രവർത്തികൾ നിയമനടപടികൾക്ക് കാരണമാകുമെന്നും ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പ്രവാസി സമൂഹത്തോടും സ്വദേശികളോടും അഭ്യർത്ഥിച്ചു. അപകടത്തിൽപ്പെട്ട വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

The post ജാഗ്രതയോടെ ഫുജൈറ! തകർന്നു വീണ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു appeared first on Express Kerala.

Spread the love
Scroll to Top