ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ വിവാദമായ വിദേശസംഭാവന നിയന്ത്രണ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുപോകേണ്ട സർക്കാർ ഒരു പ്രത്യേക വിഭാഗത്തെ മാറ്റിനിർത്തുകയാണെന്നും ഇത് വലിയ അപകടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ബിജെപിക്ക് നേതൃത്വം നൽകുന്ന ആർഎസ്എസ് അംഗീകരിച്ച നയരേഖ പ്രകാരം മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് രാജ്യത്തെ പ്രധാന ആഭ്യന്തര ശത്രുക്കളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എഫ്‌സിആര്‍എ ഭേദഗതി ഉൾപ്പെടെയുള്ള നീക്കങ്ങൾ ഈ നയത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാൻ വേണ്ടി ചിലർ മാരീച വേഷം കെട്ടി കേക്കുമായി അരമനകളിൽ പോകാറുണ്ട്. എന്നാൽ അവരുടെ യഥാർത്ഥ ഉദ്ദേശം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുക എന്നതാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
Also Read: ലൈംഗികാതിക്രമ കേസ് തീർപ്പുണ്ടാകും വരെ മാറ്റിനിർത്തും; രഞ്ജിത്തിനെതിരെ ഫെഫ്ക
എഫ്‌സിആര്‍എ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച എൻഡിഎ സ്ഥാനാർത്ഥി പി.സി. ജോർജിനെയും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്താനാണ് പി.സി. ജോർജ് ശ്രമിക്കുന്നതെന്നും ഇത്തരം പ്രതികരണങ്ങൾ മതനിരപേക്ഷതയ്ക്ക് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഫ്‌സിആര്‍എ വിഷയത്തിൽ ബിഷപ്പുമാർ ഉന്നയിച്ച പരാതികൾ ഊളത്തരം ആണെന്നായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. “കുറച്ച് പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. ബിജെപി എന്ന് കേൾക്കുമ്പോൾ അവർക്ക് ഹാലിളകുന്നു. അവർക്ക് തലയ്ക്ക് സ്ഥിരതയില്ല,” എന്ന് ജോർജ് ആരോപിച്ചു. നിയമഭേദഗതിയിൽ ആർക്കും ആശങ്ക വേണ്ടെന്നും സഭാ നേതാക്കളെ താനോ ക്രിസ്ത്യാനികളോ പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post എഫ്‌സിആര്‍എ ഭേദഗതി അപകടം, ലക്ഷ്യം ന്യൂനപക്ഷ വേട്ട; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി appeared first on Express Kerala.




