
വാർത്താ സമ്മേളനത്തിന് മുന്നോടിയായി റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ അന്താരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പ്രഖ്യാപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങുമെന്നും എന്നാൽ ആവശ്യമായ ഘട്ടങ്ങളിൽ തിരിച്ചുവരാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം തന്നെ നാറ്റോ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുപോകുമെന്ന നിർണ്ണായക തീരുമാനവും ട്രംപ് പങ്കുവെച്ചു. ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന സുപ്രധാന വെളിപ്പെടുത്തലും അദ്ദേഹം ഈ അഭിമുഖത്തിൽ നടത്തിയിട്ടുണ്ട്.
നാറ്റോ വെറുമൊരു ‘കടലാസ് പുലി’ മാത്രമാണെന്നാണ് ട്രംപിന്റെ രൂക്ഷമായ വിമർശനം. ഇറാനെതിരെയുള്ള സൈനിക നടപടികളിൽ സഖ്യകക്ഷികളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും ജലപാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈന്യത്തെ അയക്കണമെന്ന അമേരിക്കയുടെ ആവശ്യം നാറ്റോ നിരസിച്ചിരുന്നു. ഈ നിസ്സഹകരണമാണ് സഖ്യം വിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് ട്രംപിനെ എത്തിച്ചത്.
Also Read: നാറ്റോ വെറുമൊരു ‘കടലാസ് പുലി’; സഖ്യം വിടാൻ ഒരുങ്ങി അമേരിക്ക! ലോകം ഉറ്റുനോക്കുന്ന ട്രംപിന്റെ നീക്കം
നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നുവെന്നും റഷ്യൻ പ്രസിഡന്റ് പുടിന് പോലും സഖ്യത്തിന്റെ നിസ്സഹായത അറിയാമെന്നും ട്രംപ് പരിഹസിച്ചു. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലും സമാനമായ നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. നാറ്റോ സൈന്യത്തെ വിന്യസിക്കാത്തത് സഖ്യത്തിന്റെ ദൗർബല്യമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, നാളെ രാവിലെ നടക്കാനിരിക്കുന്ന ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നു; വെടിനിർത്തലിന് ഇറാൻ സന്നദ്ധമെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ appeared first on Express Kerala.




