
യുവതാരനിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ‘ഡർബി’ കേരളത്തിലെ തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു. ആദ്യ വാരത്തിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇന്നു മുതൽ വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ പ്രധാന തിയേറ്ററുകളിലെല്ലാം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം, ഇന്നു മുതൽ യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ബ്രിട്ടനിലും പ്രദർശനത്തിന് എത്തും. സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട താരങ്ങളും മലയാളത്തിലെ യുവനിരയും ഒന്നിച്ചെത്തിയ ചിത്രം പ്രേക്ഷകർക്ക് ആവേശകരമായ തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
ക്യാമ്പസ് ജീവിതത്തിലെ സൗഹൃദവും പ്രണയവും പിണക്കങ്ങളും പ്രമേയമാക്കിയ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈനറായാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതവും അഭിനന്ദ് രാമാനുജന്റെ ഛായാഗ്രഹണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. സിനിമയുടെ വൻ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിക്കാൻ അണിയറപ്രവർത്തകർ സക്സസ് മീറ്റും സംഘടിപ്പിച്ചിരുന്നു. ഓരോ ഷോകളും ഫാസ്റ്റ് ഫില്ലിംഗായി മാറുന്നത് സിനിമയുടെ ജനപ്രീതിക്ക് തെളിവാണ്.
Also Read: ധ്യാൻ – വിഷ്ണു കൂട്ടുകെട്ട് ക്ലിക്കായി; തിയേറ്ററുകളിൽ ചിരിയും ത്രില്ലും നിറച്ച് ‘ഭീഷ്മർ’ മുന്നോട്ട്
ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് നിർമ്മിച്ച ചിത്രത്തിൽ ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, അബു സലിം തുടങ്ങിയ മുതിർന്ന താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകുന്നു. സ്ട്രൈറ്റ് ലൈൻ സിനിമാസ് കേരളത്തിൽ വിതരണത്തിനെത്തിച്ച ഡർബിയുടെ വിദേശ വിതരണാവകാശം ഫാർസ് ഫിലിംസും ആർ.എഫ്.ടി എന്റർടൈൻമെന്റ്സുമാണ് സ്വന്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ ചിത്രം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post ബോക്സ് ഓഫീസിൽ കുതിച്ച് ‘ഡർബി’! വിജയകരമായ രണ്ടാം വാരത്തിലേക്ക് appeared first on Express Kerala.




