
ആം ആദ്മി പാർട്ടിയും മുതിർന്ന നേതാവായ രാഘവ് ഛദ്ദ എംപിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നതായി സൂചന. രാഘവിനെ രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്തുനൽകി. രാഘവിന് പകരം പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, പാർലമെന്റിൽ സംസാരിക്കാൻ ഇനിമേൽ രാഘവിന് സമയം അനുവദിക്കേണ്ടതില്ലെന്നും പാർട്ടി നേതൃത്വം സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
പാർട്ടിയുടെ നിർണ്ണായകമായ പല ഘട്ടങ്ങളിലും രാഘവ് ഛദ്ദ പുലർത്തുന്ന മൗനമാണ് നിലവിലെ അസ്വാരസ്യങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തരായ വേളയിൽ രാഘവ് പ്രതികരിക്കാതിരുന്നത് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിട്ടുനിൽക്കലും അച്ചടക്ക നടപടികളിലേക്ക് നയിച്ചതായി കരുതപ്പെടുന്നു.
Also Read; ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല! പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ തിരിച്ചടിക്കും; രാജ്നാഥ് സിംഗ്
എഎപിയുടെ രൂപീകരണ കാലം മുതൽ അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന നേതാവാണ് ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ രാഘവ് ഛദ്ദ. പാർട്ടിയുടെ നാഷണൽ ട്രഷററായും രാഷ്ട്രീയകാര്യസമിതി അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്. നിലവിൽ പത്ത് എംപിമാരുള്ള എഎപിയിൽ രാഘവിനെതിരെയുള്ള ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2023 മുതൽ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് ഇരുന്നിരുന്ന അദ്ദേഹത്തെ പാർട്ടി പൂർണ്ണമായും കൈവിടുകയാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
The post എഎപിയിൽ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി appeared first on Express Kerala.




