പിഷാരടിയെ തടഞ്ഞത് ജനാധിപത്യ വിരുദ്ധം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

പിഷാരടിയെ തടഞ്ഞത് ജനാധിപത്യ വിരുദ്ധം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. ഒരു സ്ഥാനാർത്ഥിക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും വോട്ട് തേടാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണെന്നും, അതിനെ തടയാൻ ശ്രമിക്കുന്നവർ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് കണ്ടത് വിചിത്രമായ നടപടിയാണെന്നും എന്നാൽ ഇതിന്റെ പേരിൽ അക്രമത്തിനോ കലാപത്തിനോ തങ്ങൾ മുതിരില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവത്തിൽ പ്രതികരിച്ച സ്ഥാനാർത്ഥി രമേഷ് പിഷാരടിയും ബിജെപിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. താൻ പാലക്കാട് എത്തിയ ദിവസം മുതൽ ബോധപൂർവമായ പ്രകോപനങ്ങൾ ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിജെപി കുഴിച്ച കുഴിയിൽ വീഴാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പെസഹ വ്യാഴം പ്രമാണിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രചാരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും താൻ നിർദ്ദേശിച്ചിരുന്നു.

Also Read:എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണം? എം.വി. ഗോവിന്ദൻ

താൻ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രസംഗങ്ങൾ എല്ലാം പൊതുമധ്യത്തിലുണ്ടെന്നും പിഷാരടി വ്യക്തമാക്കി. മുഖ്യമന്ത്രിയും സാധാരണ ജനങ്ങളും ഉൾപ്പെടെ ഈ സംഭവത്തെ അപലപിച്ചിട്ടും എൻഡിഎ നേതൃത്വം ഇതിനോട് പ്രതികരിക്കാത്തത് മോശമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന് പുതിയ നിർവചനം നൽകുന്ന രീതിയിലാണ് പാലക്കാട്ടെ ബിജെപി പ്രവർത്തകർ പെരുമാറുന്നതെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പൊതുവിലയിരുത്തൽ.

The post പിഷാരടിയെ തടഞ്ഞത് ജനാധിപത്യ വിരുദ്ധം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ appeared first on Express Kerala.

Spread the love
Scroll to Top