
ചെങ്ങന്നൂർ ചെറിയനാട് വാടകവീടിന്റെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ വെൺമണി പോലീസ് പിടികൂടി. ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതിൽ നന്തു എസ്. കുമാർ (26) ആണ് പോലീസിന്റെ പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ഭാഗത്തുള്ള ‘ശ്രീ സദനം’ എന്ന വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായി വീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന് വെൺമണി സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടന്നത്.
പോലീസ് സംഘം സ്ഥലത്തെത്തുമ്പോൾ പറമ്പിൽ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിച്ച് പരിപാലിക്കുകയായിരുന്നു നന്തു. ഒട്ടും വൈകാതെ തന്നെ ഇയാളെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ രതീഷ് ബാബു, പുഷ്പശോഭനൻ, എഎസ്ഐ സതീഷ് കുമാർ, സി.പി.ഒമാരായ ഷിഹാബ് സലാം, സനൽ കുമാർ, വിജേഷ് വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പോലീസ് തീരുമാനം.
The post കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനിടെ നന്തു കുടുങ്ങി; ചെങ്ങന്നൂരിൽ യുവാവ് പിടിയിൽ appeared first on Express Kerala.




