
അപ്രതീക്ഷിത സാഹചര്യങ്ങളിൽ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറേണ്ടി വരുമ്പോൾ പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ വ്യക്തമാക്കി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി പുതിയ മാർഗരേഖ പുറത്തിറക്കി. ‘ഇഫക്റ്റീവ് ഡിസ്റ്റൻസ് ലേണിങ് ക്വാളിറ്റി എക്സ്പെക്റ്റേഷൻസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചട്ടക്കൂട് കേവലം ഒരു താൽക്കാലിക സംവിധാനമല്ലെന്നും, ഭാവിയിൽ എപ്പോൾ വേണമെങ്കിലും സ്കൂളുകൾക്ക് റഫറൻസായി ഉപയോഗിക്കാവുന്ന സ്ഥിരമായ ഒരു രേഖയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പഠനരീതികൾ ഈ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ചാണോ എന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂളുകൾ സ്വയം വിലയിരുത്തേണ്ടതുണ്ട്.
ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ വെറുതെ ലോഗിൻ ചെയ്താൽ മാത്രം പോരെന്നും അവർ പാഠഭാഗങ്ങളിൽ കൃത്യമായി പങ്കുചേരുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പഠനസമയം ദീർഘിപ്പിക്കുന്നതിനേക്കാൾ ക്ലാസുകളുടെ ഗുണനിലവാരത്തിനാണ് മുൻഗണന നൽകേണ്ടത്. കുട്ടികൾ തുടർച്ചയായി കമ്പ്യൂട്ടർ സ്ക്രീനിന് മുന്നിലിരിക്കുന്നത് ഒഴിവാക്കി അവരുടെ പ്രായത്തിനനുസരിച്ചുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നൽകണം. പരീക്ഷകൾക്ക് അമിത പ്രാധാന്യം നൽകാതെ, കുട്ടികളുടെ സംശയങ്ങൾ തീർക്കാനും അവരെ അടുത്ത പാഠഭാഗങ്ങളിലേക്ക് നയിക്കാനുമുള്ള ഉപാധിയായി വിലയിരുത്തലുകളെ മാറ്റണമെന്നും മാർഗരേഖയിൽ പറയുന്നു.
ഇന്റർനെറ്റ് സൗകര്യമില്ലാത്തവരെയോ വീട്ടിൽ മുതിർന്നവരുടെ സഹായം ലഭ്യമല്ലാത്തവരെയോ ആയ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണം. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും ഓൺലൈൻ പഠനകാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും സൈബർ ബുള്ളിയിങ് പോലുള്ള ഭീഷണികളിൽ നിന്ന് അവരെ സംരക്ഷിക്കാനും സ്കൂളുകൾക്ക് ഉത്തരവാദിത്തമുണ്ട്. രക്ഷിതാക്കളെ ‘പകരം അധ്യാപകരാക്കി’ മാറ്റുന്ന രീതി പാടില്ലെന്നും പഠനകാര്യങ്ങളിൽ അവരുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്നും കെഎച്ച്ഡിഎ കർശനമായി നിർദേശിച്ചു. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ വെർച്വൽ പരിശോധനകൾ നടത്താനും അധികൃതർക്ക് പദ്ധതിയുണ്ട്.
The post ലോഗിൻ ചെയ്താൽ മാത്രം പോരാ, കുട്ടികൾ സജീവമാകണം; ഓൺലൈൻ ക്ലാസുകൾക്ക് ദുബായിൽ കർശന മാനദണ്ഡങ്ങൾ appeared first on Express Kerala.




