
ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച അമേരിക്കയുടെ രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു. ഒരു എഫ്-15 ഇ (F-15E), ഒരു എഫ്-35 (F-35) വിമാനങ്ങളാണ് തകർത്തതെന്നാണ് റിപ്പോർട്ട്. ഇറാനിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള പ്രവിശ്യയിലാണ് എഫ്-15 തകർന്നുവീണത്. തങ്ങളുടെ പക്കലുള്ള പുതിയ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇവ തകർത്തതെന്ന് ഇറാൻ സൈന്യം അറിയിച്ചു.
വിമാനം തകരുന്നതിന് മുൻപായി പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതായാണ് വിവരം. ഇവർക്കായി ഇറാൻ സൈന്യവും പ്രദേശവാസികളും വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. പൈലറ്റുമാരെ ജീവനോടെ പിടികൂടി കൈമാറുന്നവർക്ക് ഇറാൻ ഭരണകൂടം വലിയ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്പെട്ട പൈലറ്റുമാരിൽ ഒരാൾ ഇതിനോടകം ഇറാൻ സൈന്യത്തിന്റെ പിടിയിലായതായും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
Also Read: ഊർജ പ്രതിസന്ധി! ഓഫീസ് സമയം വെട്ടിച്ചുരുക്കി ബംഗ്ലാദേശ്; ആഘോഷങ്ങൾക്കും നിയന്ത്രണം
അതേസമയം, കാണാതായ പൈലറ്റുമാരെ കണ്ടെത്താൻ അമേരിക്കൻ സൈന്യം ‘കോംബാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ’ ഓപ്പറേഷൻ ആരംഭിച്ചു. പ്രദേശത്ത് യുഎസ് ഹെലികോപ്റ്ററുകളും ഡ്രോണുകളും നിരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു യുദ്ധവിമാനം തകർന്നതായും തിരച്ചിൽ തുടരുകയാണെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയെങ്കിലും പെന്റഗണോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
രക്ഷാപ്രവർത്തനത്തിനായി എത്തുന്ന അമേരിക്കൻ സംഘത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ലോകശക്തികൾ തമ്മിലുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വരും മണിക്കൂറുകളിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.
The post അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റുമാർക്കായി തിരച്ചിൽ ഊർജിതം appeared first on Express Kerala.




