
വർക്കല: അവധിക്കാലം ആഘോഷിക്കാൻ വർക്കലയിലെത്തിയ ഒഡീഷ സ്വദേശിനി കടലിൽ മുങ്ങിമരിച്ചു. ഒഡീഷ ഖോർഡ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വർക്കല ഇടവ ശ്രീയേറ്റിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി.
ബെംഗളൂരുവിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന നാലംഗ പെൺസംഘം വെള്ളിയാഴ്ചയാണ് വർക്കലയിലെത്തിയത്. ശനിയാഴ്ച വൈകീട്ട് കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ ശക്തമായ തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കരയിലുണ്ടായിരുന്ന നാലാമത്തെ പെൺകുട്ടി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ചേർന്ന് കടലിലിറങ്ങി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെ ഉടൻ കരയ്ക്കെത്തിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: കൊള്ള ഇടതുപക്ഷത്തിന്റേത്, ചരട് കോൺഗ്രസിന്റേത്! ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി
ബെംഗളൂരുവിൽ എയ്റോ ഡൈനാമിക് പൈലറ്റ് കോഴ്സ് വിദ്യാർത്ഥിനിയായിരുന്നു മരിച്ച പ്രിയങ്ക. ഇടവയിലെ ഹോം സ്റ്റേയിലായിരുന്നു സംഘം താമസിച്ചിരുന്നത്. പ്രിയങ്കയുടെ മൃതദേഹം നിലവിൽ വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
The post കടലിൽ കുളിക്കാനിറങ്ങിയ സംഘം തിരയിൽപ്പെട്ടു; വർക്കലയിൽ ഒഡീഷ സ്വദേശിനി മരിച്ചു appeared first on Express Kerala.




