
മണർകാട്: ഈസ്റ്റർ തലേന്ന് പോത്തിറച്ചിക്ക് അമിതവില ഈടാക്കിയതിനെച്ചൊല്ലി മണർകാട് കവലയിൽ സംഘർഷം. കിലോയ്ക്ക് 500 രൂപ വാങ്ങിയത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ കടയുടമ ഇറച്ചിക്കത്തി വീശി ഭീഷണി മുഴക്കി. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് കട നിർബന്ധപൂർവ്വം അടപ്പിച്ചു.
മണർകാട് സ്വകാര്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന യൂദാ മീറ്റ്സ് എന്ന കടയിലാണ് ശനിയാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പോത്തിറച്ചിക്ക് 440 രൂപ പഞ്ചായത്ത് വില നിശ്ചയിച്ചിരുന്നെങ്കിലും, ഇത് ലംഘിച്ച് ആദ്യം 460 രൂപയ്ക്കും പിന്നീട് ഒരു മണിക്കൂറിനുള്ളിൽ 500 രൂപയ്ക്കും വില്പന നടത്തുകയായിരുന്നു. വില വർദ്ധനവ് ചോദ്യം ചെയ്തവരോട് വേണ്ടവർ വാങ്ങിയാൽ മതി എന്ന നിലപാടിലായിരുന്നു ഉടമ ബിജു ജോസഫ്.
Also Read: പള്ളിമുറ്റത്ത് നിന്ന് സ്കൂട്ടർ മോഷണം; പുതുക്കുറിച്ചി സ്വദേശി വലിയതുറ പൊലീസിന്റെ പിടിയിൽ
സംഭവമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ ഉടമ അക്രമാസക്തനാകുകയും കത്തിവീശുകയും ചെയ്തു. ഇതോടെ സംഘർഷാവസ്ഥ രൂക്ഷമായി. തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. നിയമാനുസൃതമായ അനുമതി ലഭിക്കുന്നതുവരെ കട പൂട്ടാൻ നോട്ടീസ് നൽകിയ പഞ്ചായത്ത്, ഉടമയ്ക്ക് 10,000 രൂപ പിഴയും ചുമത്തി.
The post ഈസ്റ്റർ വിപണിയിൽ കത്തിക്കയറി പോത്തിറച്ചി വില; ചോദ്യം ചെയ്തവർക്ക് നേരെ കത്തിവീശി കടക്കാരൻ appeared first on Express Kerala.




