ഹോർമുസിൽ ‘ചുങ്കം’ പിരിക്കാൻ ഇറാൻ; യുദ്ധനഷ്ടം നികത്താൻ പുതിയ നീക്കം

ഹോർമുസിൽ ‘ചുങ്കം’ പിരിക്കാൻ ഇറാൻ; യുദ്ധനഷ്ടം നികത്താൻ പുതിയ നീക്കം

മേരിക്കയ്ക്കും ഇസ്രയേലിനും എതിരെയുള്ള യുദ്ധത്തിൽ തങ്ങൾ ഒട്ടും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു. ഇസ്‌ഫഹാനിൽ അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു സി-130 ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ നിരവധി വിമാനങ്ങൾ തകർത്തതായാണ് ഇറാന്റെ അവകാശവാദം. കൂടാതെ എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ, എ-10 വാർത്ത്ഹോഗ് വിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും ഉൾപ്പെടെ 12 ഓളം വിമാനങ്ങൾ വെടിവെച്ചിട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധത്തിൽ നേരിട്ട സാമ്പത്തിക നഷ്ടം നികത്തുന്നതിനായി ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പണം ഈടാക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച നടപടികൾ നിയമവിധേയമാക്കുമെന്നും നഷ്ടം നികത്തുന്നതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി. അധിനിവേശക്കാർക്ക് ശക്തമായ മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സൊൽഫാഖരി പ്രഖ്യാപിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, തകർന്ന എഫ്-15 വിമാനത്തിലെ ഒരു പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തുന്ന നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. കടലിടുക്ക് ഉടൻ തുറന്നുകൊടുക്കണമെന്നും അല്ലാത്തപക്ഷം ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

The post ഹോർമുസിൽ ‘ചുങ്കം’ പിരിക്കാൻ ഇറാൻ; യുദ്ധനഷ്ടം നികത്താൻ പുതിയ നീക്കം appeared first on Express Kerala.

Spread the love
Scroll to Top