
മലയാള സിനിമ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം “പേട്രിയറ്റ്” ട്രെയ്‌ലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാരെ നേടി റെക്കോർഡ് ഇട്ടു. യൂട്യൂബിൽ ആഗോളതലത്തിൽ ട്രെൻഡിങ്ങായ ട്രെയ്‌ലറിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമായി, മലയാളത്തിന്റെ രണ്ട് മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. തൃശൂർ രാഗം തീയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തീയേറ്ററിൽ മോഹൻലാലും ഒരേസമയം ആരാധകർക്കിടയിൽ വെച്ച് ട്രെയ്‌ലർ ലോഞ്ച് നിർവ്വഹിച്ചത് സിനിമാ ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായി മാറി.
ഏകദേശം 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ ഒരുമിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം മെയ് 1-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സാങ്കേതിക മികവിലും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാമാണ് സംഗീതം നൽകുന്നത്. മാനുഷ് നന്ദൻ ഛായാഗ്രഹണവും മഹേഷ് നാരായണൻ നേരിട്ട് എഡിറ്റിംഗും നിർവ്വഹിക്കുന്നു. തീയേറ്റർ ആർട്ടിസ്റ്റ് പ്രകാശ് ബെലവാടി ഉൾപ്പെടെയുള്ളവർ നിർണ്ണായക വേഷങ്ങളിൽ എത്തുന്ന ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ സംരംഭങ്ങളിലൊന്നാണ്. വിപുലമായ വിഎഫ്എക്സ് സജ്ജീകരണങ്ങളോടെ എത്തുന്ന ‘പേട്രിയറ്റ്’ ആൻ മെഗാ മീഡിയയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്
The post യൂട്യൂബിൽ റെക്കോർഡ് വേട്ട! 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാർ; ട്രെൻഡിങ്ങായി ‘പേട്രിയറ്റ്’ ട്രെയ്‌ലർ appeared first on Express Kerala.




