തിരഞ്ഞെടുപ്പ് പത്രികയിലെ വൈരുദ്ധ്യങ്ങൾ പരിഹരിച്ച് ടി.വി.കെ. നേതാവ് വിജയ്. സമർപ്പിച്ച പുതുക്കിയ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ ആസ്തിയിൽ വർധനവ് രേഖപ്പെടുത്തി. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളിൽ പ്രായം, ക്രിമിനൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ തെറ്റുകൾ തിരുത്തി പുതിയ സത്യവാങ്മൂലം വരണാധികാരിക്ക് കൈമാറുകയായിരുന്നു.
പുതുക്കിയ കണക്കുകൾ പ്രകാരം വിജയ്‍ക്ക് 410.59 കോടി രൂപയുടെ ജംഗമ വസ്തുക്കളും (സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ) 220.15 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട്. നീലങ്കരയിലെയും സാലിഗ്രാമിലെയും വീടുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 630.74 കോടി രൂപയാണ്. ഇതിന് പുറമെ ഭാര്യ സംഗീതയുടെ പേരിൽ 15.76 കോടി രൂപയുടെ ആസ്തിയുമുണ്ട്. ആദ്യ സത്യവാങ്മൂലത്തിൽ 404.58 കോടി രൂപയുടെ ആസ്തിയായിരുന്നു കാണിച്ചിരുന്നത്.
ആദ്യത്തെ പത്രികയിൽ ക്രിമിനൽ കേസുകൾ ഇല്ലെന്നാണ് വിജയ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ സത്യവാങ്മൂലത്തിൽ രണ്ട് കേസുകളുടെ വിവരങ്ങൾ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായത്തിന്റെ കാര്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പവും പുതിയ പത്രികയിൽ പരിഹരിച്ചു. പിന്താങ്ങുന്നവർ മുഖേനയാണ് പെരമ്പൂരിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് മുൻപ് തന്നെ പിഴവുകൾ തിരുത്താനായത് വിജയ്‍ക്ക് ആശ്വാസമായി.
The post നാമനിർദ്ദേശ പത്രികയിലെ പിഴവുകൾ തിരുത്തി വിജയ്! ആകെ ആസ്തി 630 കോടിയിലധികം appeared first on Express Kerala.




