
ഐപിഎല്ലിൽ തുടർച്ചയായ തോൽവികൾ നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ആർ. അശ്വിൻ രംഗത്തെത്തി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 43 റൺസിന് പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണ സിഎസ്കെയുടെ പ്രകടനത്തെ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ വിശകലനം ചെയ്തത്. ബെംഗളൂരുവിനെതിരെ ചെന്നൈ മെച്ചപ്പെടുമെന്ന് താൻ കരുതിയിരുന്നെന്നും എന്നാൽ ആർസിബി നേടിയ 250 റൺസ് എന്ന കൂറ്റൻ സ്‌കോർ മറ്റ് ടീമുകൾക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ടീം മാറാൻ തയ്യാറാകാത്തതാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നിലെ വേദനിപ്പിക്കുന്ന കാരണങ്ങളും അശ്വിൻ ഇതോടൊപ്പം വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ ചെന്നൈ ടീമിനൊപ്പമുണ്ടായിരുന്നപ്പോൾ നേരിട്ട മാനസിക വിഷമങ്ങളാണ് 2025-ൽ വിരമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ തുടങ്ങി അവിടെത്തന്നെ കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ടീമിൽ നിന്ന് നേരിട്ട അനുഭവങ്ങൾ തന്നെ മാനസികമായി തകർത്തു കളഞ്ഞു. താൻ സ്വയം മാറിനിന്നാൽ മാനേജ്മെന്റിന് 10 കോടി രൂപ ലാഭിക്കാമല്ലോ എന്ന് കരുതിയാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും ആ നിരാശ ഇപ്പോഴും ഉള്ളിലുണ്ടെന്നും അശ്വിൻ വൈകാരികമായി പറഞ്ഞു.
Also Read: പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്; പ്ലേ ഓഫ് മോഹങ്ങൾ പൂവണിയാൻ ചെന്നൈക്ക് ഇനി കടമ്പകളേറെ
ഈ സീസണിന് മുന്നോടിയായി വലിയ തുക മുടക്കി യുവതാരങ്ങളായ കാർത്തിക് ശർമ്മയെയും പ്രശാന്ത് വീറിനെയും ടീമിലെത്തിച്ച ചെന്നൈയുടെ തന്ത്രം പാളിയതായാണ് നിലവിലെ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്. 28 കോടി രൂപയോളം ഇവർക്കായി ചിലവാക്കിയിട്ടും ടീമിന് ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ പരാജയപ്പെടുന്ന സിഎസ്കെയ്ക്ക് അശ്വിന്റെ ഈ വെളിപ്പെടുത്തലുകൾ വലിയ തിരിച്ചടിയാണ് നൽകുന്നത്. ടീമിനുള്ളിലെ പ്രശ്നങ്ങളും തന്ത്രങ്ങളിലെ പിഴവുകളും പരിഹരിക്കാതെ ചെന്നൈയ്ക്ക് ഇനി പ്ലേ ഓഫ് സ്വപ്നം കാണുക പ്രയാസകരമായിരിക്കും.
The post ‘ചെന്നൈ മാറാൻ തയ്യാറല്ല, വലിയ നിരാശ ബാക്കി’! ആർ. അശ്വിൻ appeared first on Express Kerala.




