
ബിജെപി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു ‘പഹൽഗാം ആക്രമണത്തിന്’ പദ്ധതിയിടുന്നുണ്ടോ എന്ന വിവാദ ചോദ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. നാദിയ ജില്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് ബിജെപിയുടെ പക്കൽ ഇതിനായി വല്ല ബ്ലൂപ്രിന്റും തയ്യാറാണോ എന്ന് അവർ പരസ്യമായി ചോദിച്ചത്. കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മറുപടി നൽകുന്നില്ലെന്നും മമത ചോദിച്ചു. ആരെങ്കിലും കൊൽക്കത്തയെ ആക്രമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചാൽ ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ അത് സഹിക്കാനാവില്ലെന്നും വിഷയത്തിൽ മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി രാജി വെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മമതയുടെ ഈ പ്രസ്താവനക്കെതിരെ ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇത്തരം ഹിന്ദുവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. നിരപരാധികളായ ഹിന്ദുക്കൾ കൊല്ലപ്പെട്ട ക്രൂരമായ പഹൽഗാം ആക്രമണത്തെ ഒരു തിരക്കഥയോ ബ്ലൂപ്രിന്റോ എന്ന് വിശേഷിപ്പിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും വോട്ട് രാഷ്ട്രീയത്തിന് വേണ്ടി തൃണമൂൽ കോൺഗ്രസ് ഭീകരാക്രമണങ്ങളെപ്പോലും ലഘൂകരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മമതയുടെ ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
The post തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം ആക്രമണമോ? ബിജെപിക്കെതിരെ വിവാദ ചോദ്യവുമായി മമത ബാനർജി appeared first on Express Kerala.




