
ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിംഗ്സ് പോരാട്ടം മഴ കൊണ്ടുപോയി. മഴയെത്തുടര്‍ന്ന് കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത 3.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് മഴ വില്ലനായെത്തിയത്. രാത്രി പത്തരയോടെ മഴ മാറിയെങ്കിലും നനഞ്ഞ ഔട്ട്ഫീല്‍ഡ് മത്സരത്തിന് തടസ്സമായി. അഞ്ചോവര്‍ പോരാട്ടമെങ്കിലും നടത്താന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഗ്രൗണ്ടിലെ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മത്സരം ഉപേക്ഷിക്കപ്പെട്ടത് പഞ്ചാബ് കിംഗ്സിന് വലിയ നേട്ടമായി. ഒരു പോയിന്റ് അധികമായി ലഭിച്ചതോടെ അഞ്ച് പോയിന്റുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ പിന്നിലാക്കി പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. അതേസമയം കൊല്‍ക്കത്ത എട്ടാം സ്ഥാനത്താണ്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും മാത്രമാണ് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനുള്ള ടീമുകള്‍.
Also Read:തോൽവികളിൽ തളർന്ന് ചെന്നൈ; രക്ഷകനായി ധോണി എത്തുന്നു! കൂട്ടിന് വെടിക്കെട്ട് താരം ബ്രെവിസും
തന്ത്രപരമായ മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഈ മത്സരത്തിനിറങ്ങിയത്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്കും ശാരീരിക അസ്വസ്ഥതകളുള്ള സുനില്‍ നരെയ്നും പകരം റൊവ്മാന്‍ പവലും നവദീപ് സൈനിയും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ വിജയസംഘത്തെ മാറ്റമില്ലാതെ നിലനിര്‍ത്തിയാണ് പഞ്ചാബ് കിംഗ്സ് എത്തിയത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളുടെയും ആരാധകര്‍ നിരാശയിലായെങ്കിലും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം പഞ്ചാബിന് വലിയ ആശ്വാസമായി.
The post മഴ വില്ലനായി; കൊൽക്കത്ത-പഞ്ചാബ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പട്ടികയിൽ പഞ്ചാബ് ഒന്നാമത് appeared first on Express Kerala.




