
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുള്ള നിർണ്ണായക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഉജ്ജ്വല വിജയം സമ്മാനിച്ചത് ടിം ഡേവിഡിന്റെ തകർപ്പൻ പ്രകടനമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 43 റൺസിനാണ് ആർസിബി ചെന്നൈയെ തകർത്തത്,
വെറും 25 പന്തിൽ നിന്ന് 8 സിക്സറുകളും 3 ഫോറുകളും ഉൾപ്പെടെ 70 റൺസാണ് ടിം ഡേവിഡ് അടിച്ചുകൂട്ടിയത്. താരത്തിന്റെ ഈ പ്രകടനമാണ് ആർസിബിയെ 250 എന്ന കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. നായകൻ രജത് പാട്ടിദാർ 19 പന്തിൽ 48 റൺസ് നേടി മികച്ച പിന്തുണ നൽകി. ടിം ഡേവിഡിനെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഫിനിഷർ എന്നാണ് മത്സരശേഷം നായകൻ പാട്ടിദാർ വിശേഷിപ്പിച്ചത്.
Also Read:ഐപിഎൽ 2026! രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ
തന്റെ ബാറ്റിംഗ് എളുപ്പമാക്കിയത് പാട്ടിദാറാണെന്ന് ടിം ഡേവിഡും പ്രതികരിച്ചു. സ്പിന്നർമാർക്കെതിരെ പാട്ടിദാർ നടത്തുന്ന കടന്നാക്രമണം ടീമിന് വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിൽ റൊമാരിയോ ഷെപ്പേർഡ്, ജിതേഷ് ശർമ തുടങ്ങിയവർ ഫോമിലേക്കെത്തുന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും താരം കൂട്ടിചേർത്തു.
ആർസിബി ഉയർത്തിയ 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 19.4 ഓവറിൽ 207 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ സീസണിൽ ചെന്നൈ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി. മറുവശത്ത് തുടർച്ചയായ രണ്ടാം വിജയവുമായി ആർസിബി പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്തി. എം.എസ്. ധോണി ഉണ്ടായിരുന്നെങ്കിൽ ബൗളർമാർക്ക് ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നു എന്ന് മുൻ താരം അമ്പാട്ടി റായിഡു അഭിപ്രായപ്പെട്ടു.
The post ടിം ഡേവിഡ് ‘ദി ഫിനിഷർ’; വാനോളം പുകഴ്ത്തി പാട്ടിദാർ appeared first on Express Kerala.




