അൽ ഖൈൽ റോഡിൽ വാഹനാപകടം! മൂന്ന് പേർക്ക് പരിക്ക്

അൽ ഖൈൽ റോഡിൽ വാഹനാപകടം! മൂന്ന് പേർക്ക് പരിക്ക്

ദുബായ് അൽ ഖൈൽ റോഡിലുണ്ടായ മൂന്ന് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. റോഡിന് നടുവിൽ അശ്രദ്ധമായി വാഹനം നിർത്തിയതാണ് ഈ വലിയ അപകടത്തിന് കാരണമായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് റോഡിൽ വീണത് എടുക്കാനായി ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തിയതായിരുന്നു അപകടത്തിന്റെ തുടക്കം. പിന്നാലെ വന്ന വാഹനം ശ്രദ്ധിക്കാതെ ഈ വാഹനത്തിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും എല്ലാവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.

റോഡിന് മധ്യത്തിൽ വാഹനം നിർത്തുന്നത് അതീവ ഗുരുതരമായ നിയമലംഘനമാണെന്ന് ദുബായ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ മറ്റ് വാഹനയാത്രികരുടെ ജീവന് ഭീഷണിയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബ്രിഗേഡിയർ ജുമ സലേം ബിൻ സുവൈദാൻ പറഞ്ഞു. അശ്രദ്ധമായി റോഡിൽ വാഹനം നിർത്തി തടസ്സം സൃഷ്ടിച്ചാൽ 1,000 ദിർഹം പിഴയും (ട്രാഫിക് തടസ്സത്തിന് 500 ദിർഹം അധികം) ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും. വാഹനം തകരാറിലായാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം പൊലീസിന്റെ സഹായം തേടണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

The post അൽ ഖൈൽ റോഡിൽ വാഹനാപകടം! മൂന്ന് പേർക്ക് പരിക്ക് appeared first on Express Kerala.

Spread the love
Scroll to Top