ഒഴിവാക്കാനാഗ്രഹിച്ച യുദ്ധത്തിൽ യുഎഇ വിജയിച്ചു; ഡോ. അൻവർ ഗർഗാഷ്

ഒഴിവാക്കാനാഗ്രഹിച്ച യുദ്ധത്തിൽ യുഎഇ വിജയിച്ചു; ഡോ. അൻവർ ഗർഗാഷ്

അബുദാബി: രാജ്യം ഒഴിവാക്കാൻ ആഗ്രഹിച്ച യുദ്ധത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിജയം കൈവരിച്ചുവെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായ പ്രതിരോധത്തിലൂടെ രാജ്യം മറികടന്നുവെന്നും, ഭാവിയെ കൂടുതൽ കരുത്തോടെ രൂപപ്പെടുത്തുന്നതിനുള്ള പുതിയ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഏപ്രിൽ എട്ടിന് പുലർച്ചെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് ഇമിറാത്തികൾക്കും ഒരു ഇന്ത്യക്കാരനും പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് തീപ്പിടിത്തവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ലെന്ന് അബുദാബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. അതേസമയം, ഷാർജയിലെ അൽ സുരയ്യ ആസ്ഥാന മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തിലും തങ്ങളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമാണെന്ന് പ്രമുഖ സ്പേസ് ടെക്നോളജി കമ്പനിയായ സ്പേസ് 42 അറിയിച്ചു. ലോകത്തെ 150-ലേറെ രാജ്യങ്ങളിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്ന സുരയ്യ, യാതൊരുവിധ തടസ്സങ്ങളുമില്ലാതെ വാർത്താവിനിമയ ബന്ധങ്ങൾ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.

See also  തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ പൊട്ടിത്തെറി. നാല്‌ പേർക്ക് ദാരുണാന്ത്യം

Also Read: കേരളത്തിലേക്കടക്കം സർവീസുകൾ പുനരാരംഭിച്ച് ഗൾഫ് എയർ

പ്രധാന ഊർജ സ്രോതസ്സുകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നടപടികളെ ഭീകരാക്രമണങ്ങൾ എന്നാണ് യുഎഇ വിശേഷിപ്പിച്ചത്. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 537 ബാലിസ്റ്റിക് മിസൈലുകളും 2256 ഡ്രോണുകളും യുഎഇ വിജയകരമായി പ്രതിരോധിച്ചു. ഏപ്രിൽ എട്ടിന് മാത്രം 17 ബാലിസ്റ്റിക് മിസൈലുകളെയും 35 ഡ്രോണുകളെയും രാജ്യം തകർത്തു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ യുഎഇയിൽ മാത്രം 13 പേർ കൊല്ലപ്പെടുകയും 224 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു.

വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷവും യുഎഇക്ക് പുറമെ കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം തുടരുന്നത് അസ്വീകാര്യമാണെന്ന് അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമഹി പറഞ്ഞു. ഇറാന്റെ ശത്രുതാപരമായ സമീപനത്തെ അപലപിച്ച അദ്ദേഹം, വെടിനിർത്തൽ കരാർ നിബന്ധനകൾ പൂർണമായും പാലിക്കാൻ ഇറാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തിനായുള്ള കരാറിനെ അറബ് പാർലമെന്റ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  കോടാലിയിൽ എട്ട് വയസുകാരൻ മരിച്ച സംഭവം: മരണം പാമ്പിൻ വിഷം ഉള്ളിൽചെന്ന് . സഹോദരൻ അനോജിന് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, വെന്‍റിലേറ്ററിൽ തുടരുന്നു

The post ഒഴിവാക്കാനാഗ്രഹിച്ച യുദ്ധത്തിൽ യുഎഇ വിജയിച്ചു; ഡോ. അൻവർ ഗർഗാഷ് appeared first on Express Kerala.

Spread the love
Scroll to Top