പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കളെ ‘ജനറൽ ഇസഡ് & ജനറൽ ആൽഫ’ എന്ന് വിശേഷിപ്പിച്ച്, സ്വപ്നങ്ങളുമായി മുന്നേറി ഇന്ത്യയെ വികസിത രാജ്യത്തിലേക്ക് നയിക്കണമെന്ന് ആഹ്വാനം ചെയ്തു.ഭാരത് മണ്ഡപത്തിൽ നടന്ന വീർ ബാൽ ദിവസ് സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്. യുവാക്കളുടെ നേട്ടവും ഉത്തരവാദിത്വവും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
“നിങ്ങളാണ് ജനറൽ ഇസഡ്, നിങ്ങളാണ് ജനറൽ ആൽഫ. ഈ തലമുറ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും”, എന്നായിരുന്നു മോദിയുടെ വാക്കുകൾ. ചെറുപ്പത്തിൽ തന്നെ വലിയ വിജയങ്ങൾ കൈവരിക്കാമെന്നു തെളിയിച്ച ഈ തലമുറയെ മോദി അഭിനന്ദിച്ചു. സ്വപ്നങ്ങൾ ഉയർത്തിപ്പിടിക്കാനും അതിനായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
Also Read: മോദി സർക്കാർ മുതലാളിമാർക്ക് വേണ്ടി; പാവപ്പെട്ടവരുടെ വയറ്റത്തടിച്ചു! കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഖാർഗെ
“മുമ്പ് യുവാക്കൾക്ക് സ്വപ്നം കാണാൻ പേടിയുണ്ടായിരുന്നു, ഇപ്പോൾ രാജ്യം 140 കോടി ജനങ്ങളുടെ കരുത്തോടെ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇന്റർനെറ്റ്, സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം, പുതുമയെ വളർത്തുന്ന സർക്കാർ പദ്ധതികൾ, ഇവയെല്ലാം യുവാക്കളെ ശക്തിപെടുത്തുന്ന അടിത്തറയാണെന്ന്” മോദി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയം (NEP) പ്രായോഗിക പഠനത്തെയും വിമർശനാത്മക ചിന്തയെയും മുൻനിർത്തി വരുന്നുവെന്നും, അടൽ ടിങ്കറിംഗ് ലാബുകൾ നവീകരണാശയങ്ങൾക്ക് വേദിയൊരുക്കുന്നുവെന്നും അദ്ദേഹം ചേർത്തു.
യുവ പ്രതിഭകളെ അംഗീകരിച്ച മോദി,”ഒരു ചെറിയ കുട്ടി ജ്ഞാനം പങ്കുവെക്കുകയാണെങ്കിൽ പോലും അത് സ്വീകരിക്കണം” എന്ന സംസ്കൃത ചൊല്ല് ഉദ്ധരിച്ചു. സാഹിബ്സാദാസ് സൊറാവർ സിംഗ് & ഫത്തേ സിംഗ് എന്നിവരുടെ ധീരതയെ സ്മരിച്ചുകൊണ്ട്, യുവജനങ്ങൾ തത്വങ്ങൾക്കനുസരിച്ച് നിലകൊള്ളണം, ജനപ്രീതിയുടെ വേഗം പിടിക്കുന്ന വഴികളിൽ പെട്ടുപോകരുത് എന്നും അദ്ദേഹം ഉപദേശിച്ചു.
ഫിൻടെക്, സ്കിൽ ഡെവലപ്മെന്റ്, സ്പോർട്സ്, മാനുഫാക്ചറിംഗ്, ഇന്റേൺഷിപ്പുകൾ തുടങ്ങിയ മേഖലകൾ യുവാക്കളെ കേന്ദ്രീകരിച്ചാണ് വികസിക്കുന്നതെന്നും യുവ ഇന്ത്യ രാജ്യത്തെ വിക്സിത്ത് ഭാരതത്തിലേക്ക് നയിക്കും എന്ന ആത്മവിശ്വാസത്തോടെ പ്രസംഗം സമാപിച്ചു.
The post വികസിത ഇന്ത്യയുടെ യാത്രക്ക് നേതൃത്വം നൽകൂ; ജനറൽ ഇസഡിനോടും ജനറൽ ആൽഫയോടും അഭ്യർത്ഥനയുമായി മോദി appeared first on Express Kerala.



